ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് മാറ്റി ; രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല

മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് മാറ്റി. കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രീറാമിനെ ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് ആശുപത്രിയില്‍ നിന്നും മാറ്റിയത്. തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയായിരുന്നു.

മുഖത്ത് മാസ്‌ക് വച്ച് സ്ട്രക്ചറില്‍ കിടത്തിയാണ് ആംബുലന്‍സില്‍ ശ്രീറാമിനെ മജിസ്ട്രേറ്റിന്റെ വസതിയിലെത്തിച്ചത്. തുടര്‍ന്ന് മജിസ്ട്രേറ്റ് ആംബുലന്‍സിന്റെ അകത്ത് കയറിയാണ് ശ്രീറാമിനെ കണ്ടത്. ശ്രീറാമിന് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇനി ആശുപത്രി വാസം വേണ്ടെന്നും ശ്രീറാമിനെ ജയിലിലേക്ക് മാറ്റാനും മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സിലാണ് ശ്രീറാമിനെ തിരുവനന്തപുരം ജില്ലാ ജയിലിലേക്കെത്തിച്ചത്.

കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ശനിയാഴ്ച വൈകീട്ടോടെ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നെങ്കിലും കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ശ്രീറാം ചികിത്സയില്‍ കഴിയുന്നത് വിവാദമായ സാഹചര്യത്തിലാണ് ഇന്ന് ആശുപത്രിയില്‍ നിന്നും മാറ്റാന്‍ നടപടിയുണ്ടായത്. ശ്രീറാം വെങ്കിട്ടരാമന് ആശുപത്രിയില്‍ ഫോണ്‍ അടക്കം ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയത് വിവാദമായിരുന്നു.

അതേസമയം റാം വെങ്കിട്ടരാമന്റെ രക്തപരിശോധനഫലത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന. കെമിക്കല്‍ പരിശോധനാ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇങ്ങനെയൊരു ഫലമുള്ളത്. രക്തപരിശോധനയുടെ റിപ്പോര്‍ട്ട് നാളെ കൈമാറും. ബഷീറിന്റെ മരണത്തിലേക്ക് നയിച്ച അപകടം കഴിഞ്ഞ് 9 മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്തപരിശോധന നടത്തിയത്. സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്റെ സാന്നിധ്യം കുറയുമെന്ന് നേരത്തെ വിദഗദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അപകടം കഴിഞ്ഞ് അധികം വൈകാതെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിന് മദ്യത്തിന്റെ സാന്നിധ്യം രക്തത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള മരുന്ന് നല്‍കിയിരുന്നോ എന്ന സംശയവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ സാധിക്കാത്ത പക്ഷം സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന മനപൂര്‍വ്വമല്ലാത്ത നരഹത്യ മാത്രമായിരിക്കും ശ്രീറാമിന്റെ പേരില്‍ നിലനില്‍ക്കുന്ന കുറ്റം.

സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അപകട സമയം ശ്രീറാം മദ്യപിച്ചിരുന്നു എന്ന് ദൃസാക്ഷികള്‍ മാധ്യമങ്ങളുടെ മുന്നില്‍ പറഞ്ഞിരുന്നു. എന്നാല്‍ അപകടം നടന്ന ഉടനെ വൈദ്യ പരിശോധന നടത്തുവാന്‍ തയ്യറാകാത്ത പോലീസ് സംഭവം പുറം ലോകം അറിഞ്ഞതിനു ശേഷമാണ് ഇതിനു തയ്യറായത്.