ഇന്ത്യക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ട്രംപ്
ഇന്ത്യയും ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര തര്‍ക്കങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യക്കും ചൈനക്കുമെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയ്ക്ക് ദോഷകരമായ രീതിയില്‍ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ നിന്നും വികസ്വര രാഷ്ട്ര പദവി നേടി ഇന്ത്യയും ചൈനയും നേട്ടമുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും ഇനിയും അമേരിക്കയില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഇന്ത്യ അത്യധികം ഉയര്‍ന്ന നികുതിയാണ് ചുമത്തുന്നതെന്നും കുറ്റപ്പെടുത്തി. ഇന്ത്യയെ താരിഫ് കിംഗ് എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് വിമര്‍ശിച്ചത്.
എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് വികസ്വര രാഷ്ട്ര പദവി നല്‍കുന്നതെന്ന് വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനോട് അദ്ദേഹം ചോദിച്ചു. ആഗോള വ്യാപര ചട്ടത്തില്‍ ഏറെ ഇളവ് ലഭിക്കുന്ന ഇന്ത്യക്കും ചൈനക്കും തുര്‍ക്കിക്കും എതിരായുള്ള വിമര്‍ശനമായിരുന്നു ഇത്.
യുഎസ് ട്രേഡ് റെപ്രസന്ററ്റീവ്സിനോട് ഏതെങ്കിലും വികസിത സാമ്പത്തിക ശക്തി അമേരിക്കയുടെ സമ്പത്തില്‍ നിന്നും അനര്‍ഹമായ നിലയില്‍ ലാഭം നേടുന്നുണ്ടോയെന്ന് പരിശോധിക്കാനും ട്രെംപ് നിര്‍ദ്ദേശം നല്‍കി.
പെന്‍സില്‍വാനിയയില്‍ ചൊവ്വാഴ്ച സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇന്ത്യക്കെതിരെ ഇത്രയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ ഭാഗത്ത് നിന്ന് മാന്യമായ പരിഗണന അമേരിക്കയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.