ബിജെപി നേതാവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കാണ്മാനില്ല

ഉത്തര്‍പ്രദേശില്‍ പീഡനാരോപണം ഉന്നയിച്ച നിയമ വിദ്യാര്‍ത്ഥിയെ കാണാതായ സംഭവത്തില്‍ മുന്‍ ബിജെപി എംപി സ്വാമി ചിന്മയാനന്ദിനെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഉത്തര്‍പ്രദേശ് പൊലീസാണ് കേസെടുത്തത്.

ഷാജഹാന്‍പൂരിലെ സുഖ് ദേവാനന്ദ് കോളേജിലെ വിജ്യാര്‍ത്ഥിനിയെയാണ് കാണാതായിരിക്കുന്നത്. സ്വാമി ചിന്മയാനന്ദ് പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പെണ്‍കുട്ടിയുടെ ആരോപണം. വീഡിയോയിലൂടെയായിരുന്നു പെണ്‍കുട്ടി ആരോപണം ഉന്നയിച്ചത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ചിന്മയാനന്ദിനെതിരെ നടപടിയെടുക്കണമെന്ന് പെണ്‍കുട്ടി വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു. സന്ത് സമാജിന്റെ ഒരു വലിയ നേതാവ് നിരവധി പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്തുവെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറഞ്ഞു.

സഹായിക്കണമെന്ന് മോദിജിയോടും യോഗിജിയോടും അപേക്ഷിക്കുകയാണെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ കാണാതായത്. എന്നാല്‍ പെണ്‍കുട്ടിയെ കാണ്മാനില്ല എന്ന് കാട്ടി പിതാവ് പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടി പഠിക്കുന്ന കോളേജിന്റെ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റാണ് ചിന്മയാന്ദ്.