അസം പൗരത്വ പട്ടിക ; പുറത്തായവരില്‍ കൂടുതലും ഹിന്ദുക്കള്‍ ; എതിര്‍പ്പുമായി ബി ജെ പി മന്ത്രി

അസമില്‍ 19ലക്ഷം പേര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ അല്ലാതാകുന്ന നടപടിയില്‍ എന്‍ആര്‍സിക്കെതിരേ അസമിലെ ബിജെപി മന്ത്രി ഹിമന്ത ബിസ്വ ശര്‍മ രംഗത്ത്. തങ്ങള്‍ക്ക് ഇത്തരമൊരു പൗരത്വ പട്ടികയില്‍ വിശ്വാസമില്ലെന്നു അദ്ദേഹം പറഞ്ഞു. അസമീസ് ജനതയ്ക്ക് ആശ്വസിക്കാനുള്ളതല്ല നിലവിലെ പട്ടികയെന്നും വിദേശികള്‍ക്ക് സന്തോഷം നല്‍കുന്നതാണ് പട്ടികയെന്നും അദ്ദേഹം പറഞ്ഞു.

വിദേശികള്‍ മാത്രമേ പുറത്താകൂയെന്നായിരുന്നു തന്റെ പ്രതീക്ഷയെന്നും എന്നാല്‍ ഇപ്പോള്‍ നിരവധി ഇന്ത്യക്കാരാണ് പുറത്താകുകയെന്നും ബിസ്വ ശര്‍മ പറഞ്ഞു. പുറത്താക്കപ്പെട്ടവരില്‍ കൂടുതല്‍ ബംഗാളി ഹിന്ദുക്കള്‍ ഉള്‍പ്പെട്ടതാണ് മന്ത്രിയുടെ നീരസത്തിന് കാരണമായത്. 18 ശതമാനം വരുന്ന ബംഗാളി ഹിന്ദുക്കള്‍ ബിജെപിയുടെ വോട്ട് ബാങ്കാണ്. ഇവരുടെ അകമഴിഞ്ഞ പിന്തുണയുള്ളത് കൊണ്ടായിരുന്നു സംസ്ഥാനത്തെ 14ല്‍ ഒമ്പത് ലോക്സഭാ സീറ്റിലും ബിജെപിക്ക് വിജയിക്കാനായത്.

എന്‍ആര്‍സിയുടെ കരട് റിപ്പോര്‍ട്ട് സംബന്ധിച്ച് തങ്ങള്‍ക്ക് മനസ്സിലായത് ഇത് ഏറ്റവുമധികം ബാധിച്ചത് ബംഗാളി ഹിന്ദുക്കളെയാണെന്നാണ് അസമിലെ ബംഗാളി ഹിന്ദുക്കളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സാറാ അസം ബംഗാളി ഐക്യ മാഞ്ച ജനറല്‍ സെക്രട്ടറി ശാന്തനു മുഖര്‍ജി പറഞ്ഞത്. ഇതുകൊണ്ടു തന്നെയാണ് ബി ജെ പി സംസ്ഥാന ഘടകം പരസ്യമായി രംഗത്തു വന്നിരിക്കുന്നത്.

ന്യൂനപക്ഷങ്ങളെ മുഖ്യമായും മുസ്ലീങ്ങളെ ലക്ഷ്യംവച്ചാണ് അസമില്‍ പൗരത്വ പട്ടിക കൊണ്ടുവരാന്‍ ബിജെപി പദ്ധതി തയാറാക്കിയതെങ്കിലും, കരടില്‍ നിന്ന് കൂടുതല്‍ ബംഗാളി ഹിന്ദുക്കള്‍ പുറത്തായതോടെ പാര്‍ട്ടി അസ്വസ്ഥതയിലാണ് ഇക്കാര്യം പാര്‍ട്ടി വൃത്തങ്ങളും സമ്മതിച്ചിട്ടുണ്ട്.

ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സൗത്ത് സാല്‍മാര, ധുബ്രി ജില്ലകളില്‍ പുറത്താകുന്നവരുടെ എണ്ണം അതല്ലാത്ത ഭൂമിപുത്ര ജില്ലയേക്കാള്‍ എത്രയോ കുറവാണ്. ഇതെങ്ങനെ സാധ്യമാവും. ഞങ്ങള്‍ക്ക് ഈ എന്‍ആര്‍സിയില്‍ താല്‍പര്യമില്ല എന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.