മരട് ഫ്ലാറ്റ് ; വിധി നടപ്പാക്കണം എന്ന് വി എമ്മും വി എസും
മരട് ഫ്ലാറ്റ് വിവാദത്തില്‍ വിധി നടപ്പാക്കണം എന്ന ആവശ്യവുമായി വി.എം.സുധീരനും വി.എസ് അച്യുതാനന്ദനും. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍നിന്നും വ്യത്യസ്തമായി കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചു നീക്കണമെന്നഭിപ്രായമാണ് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ കൂടിയായ വി.എം.സുധീരന് വ്യക്തമാക്കിയത്.
മരട് നഗരസഭയിലെ അഞ്ച് കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക തന്നെ വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പിഴയടച്ച് ക്രമപ്പെടുത്താന്‍ അനുവദിക്കരുതെന്നും നിര്‍മ്മാതാക്കള്‍ തന്നെയാണ് കുറ്റക്കാരെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഫ്ലാറ്റുടമകളോട് മാനുഷിക പരിഗണന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കണമെന്ന സുപ്രിംകോടതി വിധിയെ അനുകൂലിച്ച് വി.എസ് അച്യുതാനന്ദനും രംഗത് വന്നു. രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മരട് വിധിയെന്നും നിയമം ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നിയമത്തെ അനുസരിക്കുകയാണ് ചെയ്യേണ്ടത്. ഇത്തരം നിര്‍മാണങ്ങള്‍ക്ക് വഴിവിട്ട് അനുമതി നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരും വിചാരണ ചെയ്യപ്പെടണം. ഇന്ന് നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗം ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്നും അച്യുതാനന്ദന് ആവശ്യപ്പെട്ടു.
അതുപോലെ മരട് ഫ്ളാറ്റ് വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കരുതെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. നിയമം ലംഘിച്ചത് ഫ്ളാറ്റ് നിര്‍മാതാക്കളാണ്. നിയമം ലംഘിച്ചവരെ സിപിഐ സംരക്ഷിക്കില്ലെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി. നിയമം നടപ്പിലാക്കേണ്ട എന്ന് സിപിഐയ്ക്ക് അഭിപ്രായമില്ല.
മരട് ഫ്ളാറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഫ്ലാറ്റ് ഒഴിപ്പിക്കുന്ന നടപടികളുമായി നഗരസഭ മുന്നോട്ട് പോകുന്നതിനിടയില്‍ ഇന്നത്തെ സര്‍വ്വകക്ഷിയോഗത്തിന്റെ തീരുമാനം നിര്‍ണ്ണായകമാണ്.
നിയമപരമായി സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ അറിയിച്ച പശ്ചാത്തലത്തില്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് പ്രതീക്ഷ നല്കുന്ന എതെങ്കിലും തീരുമാനം സര്‍വ്വകക്ഷി യോഗത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
തീരദേശനിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരടിലെ അഞ്ചു ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.