പാലാരിവട്ടം മേല്‍പ്പാലം ; വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത
പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. ക്രമക്കേടില്‍ ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്ന് ഡയറക്ടര്‍ വിളിച്ച യോഗത്തില്‍ അന്വേഷണ സംഘം അറിയിച്ചു. ഇബ്രാഹിം കുഞ്ഞിനെയും റോഡ്‌സ് ആന്റി ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എംഡിയായിരുന്ന മുഹമ്മദ് ഹനീഷിനെയും വീണ്ടും വിശദമായി ചോദ്യം ചെയ്യാനും വിജിലന്‍സ് തീരുമാനിച്ചു. കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചെന്ന് വിജിലന്‍സ് അറിയിച്ചു. അദ്ദേഹത്തെ ഉടന്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് പറഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ പകല്‍ക്കൊളളയെന്ന് വിലയിരുത്തപ്പെടുന്ന കേസില്‍ ഉദ്യോഗസ്ഥ തലത്തിനപ്പുറം നടപടി വേണമെന്ന പൊതുചിന്തയുടെ അടിസ്ഥാനത്തിലാണ് മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. ടി ഒ സൂരജിന്റെ മൊഴിയും സത്യവാങ്മൂലവുമാണ് മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന് കുരുക്കാകുന്നത്. ഇബ്രാഹിം കുഞ്ഞിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അന്വേഷണ സംഘം അറിയിച്ചു.
കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ നേരത്തെ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് ദിവസം മുമ്പാണ് പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് ടിഒ സൂരജ് വെളിപ്പെടുത്തുന്നത്.
റോഡ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ മുന്‍ എംഡിയായിരുന്നു മുഹമ്മദ് ഹരീഷിന്റെ ഇടപാടുകളെ കുറിച്ച് കൂടുതല്‍ വ്യക്തവേണമെന്നും യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും വീണ്ടും വിശദമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനമെടുത്തശേഷമായിരിക്കും ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.
തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ വ്യക്തമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റുണ്ടാകും. ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്തതിനുശേഷം മുഹമ്മദ് ഹനീഷിനെയും സെക്രട്ടറിയേറ്റിലെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനാണ് തീരുമാനം.
പാലാരിവട്ടം അഴിമതിയില്‍ കേസെടുക്കാനും പ്രതിചേര്‍ക്കാനുമെല്ലാം സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി നല്‍കിയതിനാല്‍ കൂടുതല്‍പേരെ പ്രതിചേര്‍ക്കാന്‍ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ക്കെതിരായ അഴമതിക്കേസുകളില്‍ അന്വേഷണം ശരിയായി നടക്കുന്നില്ലെന്ന് സിപിഎം നേതൃയോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമുണ്ടായിരുന്നു. ഈ സാഹചര്യങ്ങളിലാണ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലായിരുന്നു ആരോപണം. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും പലിശ ഈടാക്കാതെ പണം നല്‍കാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് പറഞ്ഞു. 8.25 കോടി രൂപ കരാറുകാരന് നല്‍കാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് പറയുന്നു.