ആഫ്രിക്കയിലെ ബെനിന്‍ലെ ഓണാഘോഷം ശ്രദ്ധേയമായി

വേള്‍ഡ് മലയാളീ ഫെഡറേഷന്‍ ബെനിന്‍ നാഷണല്‍ കൗണ്‍സിലിന്റെ നേതൃത്ത്വത്തില്‍ ഓണാഘോഷം സെപ്റ്റംബര്‍ 22ന് ഇന്‌ഫോസെക് സെന്ററില്‍ വിപുലമായി ആഘോഷിക്കുച്ചു. ആഘോഷത്തില്‍ ബെനിന്‍ മലയാളികളും ബെനിനില്‍ വസിക്കുന്ന ഇന്‍ഡ്യയിലെ മറ്റു സംസ്ഥാന അംഗങ്ങളും കുടുംബസമേതം പങ്കെടുത്തു.

വിശിഷ്ട വ്യക്തികളായിരുന്ന ഗോബിന്ദ് മംഗലാനി (ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ബെനിന്‍), അതുല്‍ കട്യാല്‍, ഗണേഷ് അയ്യര്‍, ഷമീര്‍ വെട്ടുവക്കാട്ടില്‍ (ഡബ്ലിയു.എം.എഫ് കോഓര്‍ഡിനേറ്റര്‍, ബെനിന്‍), ബ്ലെസി ജെയിംസ് എന്നിവര്‍ മാവേലിയുടെ സാന്നിധ്യത്തില്‍ ഭദ്രദീപം തെളിയിച്ചു ആഘോഷ പരിപാടികള്‍ ഉത്ഘാടനം നിര്‍വഹിച്ചു. ഡബ്ലിയു.എം.എഫ് പ്രസിഡന്റ് ജെയിംസ് ഉമ്മന്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ വനിതകള്‍ അവതരിപ്പിച്ച മനോഹരമായ തിരുവാതിരയോടുകൂടി കലാപരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും നടത്തിയ വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് മികവ് കൂട്ടി.

ബെനിന്‍ മലയാളീ കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കിയ ഇരുപത്തിയൊന്ന് വിഭവങ്ങള്‍ അടങ്ങിയ ഗംഭീര ഓണസദ്യ ഓണാഘോഷത്തിന്റെ ഒരു പ്രധാന ആകര്‍ഷണമായിരുന്നു. വനിതകള്‍ക്കായും പുരുഷന്മാര്‍ക്കായും സംഘടിപ്പിച്ച വടം വലി മത്സരം ഏറെ ശ്രദ്ധേയമായി. തുടര്‍ന്ന് നടന്ന മലയാളി മങ്ക മത്സരത്തില്‍ എല്ലാ മലയാളി കുടുംബിനികളും പങ്കെടുത്തു. എന്‍ട്രി പാസ് സീരിയല്‍ നമ്പര്‍ അടിസ്ഥാനത്തില്‍ നടത്തിയ നറുക്കെടുപ്പില്‍ ഓണം ബംപര്‍ വിജയിയെ തിരഞ്ഞെടുത്തു. ബെനിന്‍ യൂണിറ്റ് ട്രഷറര്‍ അരുണ്‍ കുമാറിന്റെ നേതൃത്യത്തില്‍ തംബോല മത്സരവും ഉണ്ടായിരുന്നു. സമ്മാനദാനത്തോടെ ഓണാഘോഷങ്ങള്‍ക്കു സമാപനമായി.

റിപ്പോര്‍ട്ട്: ജോവിന്‍ മാത്യു