മോദിയുടെ സഹോദരന്റെ മകളെ ഡല്‍ഹിയില്‍ കൊള്ളയടിച്ചു പണം കവര്‍ന്നു

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദര പുത്രിയെ ഡല്‍ഹിയില്‍ വെച്ച് കൊള്ളയടിച്ചു. ഡല്‍ഹി സിവില്‍ ലൈന്‍സിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിന് സമീപത്തുവച്ചാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ദമയന്തി ബെന്‍ മോദിയുടെ പഴ്സും മൊബൈല്‍ ഫോണും തട്ടിയെടുത്തത് എന്ന് പോലീസ് പറയുന്നു.

അമൃത്സറില്‍ നിന്ന് മടങ്ങുന്ന വഴി ഗുജറാത്തി സമാജ് ഭവനില്‍ ദമയന്തി മുറിയെടുത്തിരുന്നു. അവിടേയ്ക്ക് പോകുന്ന വഴിയാണ് മോഷണം നടന്നത്. പഴ്സില്‍ 56000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും ചില രേഖകളും ഉണ്ടായിരുന്നു. ഇന്ന് വൈകിട്ടോടെ അഹമ്മദാബാദിലേക്ക് മടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ ടിക്കറ്റുകളും മറ്റ് രേഖകളും പഴ്സിലായിരുന്നതിനാല്‍ യാത്ര മാറ്റിവച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അടുത്ത കാലത്തായി ഡല്‍ഹിയില്‍ മോഷണം വര്‍ധിച്ചിരിക്കുകയാണ്.