വോഗ് മാഗസിന്റെ തെന്നിന്ത്യന്‍ ഇതിഹാസങ്ങള്‍ പട്ടികയില്‍ മമ്മൂട്ടിയും ശോഭനയും

ലോക പ്രശസ്ത ഫാഷന്‍ മാഗസിനായ വോഗ് പുറത്തുവിട്ട തെന്നിന്ത്യന്‍ സിനിമാ ഇതിഹാസങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നും മമ്മൂട്ടിയും ശോഭനയും. എട്ട് താരങ്ങളുടെ പട്ടികയാണ് വോഗ് പുറത്തുവിട്ടത്. എന്നാല്‍ മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. സൗത്തില്‍ നിന്നുള്ള അഞ്ച് നടന്മാരും മൂന്ന് നടിമാരുമാണ് പട്ടികയിലുള്ളത്.

ന്യൂ ഡല്‍ഹി, ഒരു വടക്കന്‍ വീരഗാഥ, സേതുരാമയ്യര്‍ സീരീസ് ഫ്രാഞ്ചസി തുടങ്ങിയ സിനിമകളിലൂടെ 1980-90 കാലഘട്ടങ്ങളില്‍ മോളിവുഡ് ഇന്‍ഡസ്ട്രിയെ അടക്കി ഭരിച്ചയാളാണ് മമ്മൂട്ടി എന്ന് വോഗ് പറയുന്നു. അടുത്തിടെ റിലീസായ ചിത്രം ‘ഉണ്ട’യെപ്പറ്റിയും വോഗില്‍ പരാമര്‍ശമുണ്ട്. ദ മാസ്റ്ററെന്നാണ് വോഗ് മാഗസിന്‍ മമ്മൂട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

വെഴ്‌സറ്റൈല്‍ ജീനിയസ് എന്നാണ് ശോഭനയെ മാഗസിന്‍ പരിചയപ്പെടുത്തുന്നത്. മലയാളം കൂടാതെ, തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ശോഭന മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മാഗസിന്‍ പറയുന്നു. മണിച്ചിത്രത്താഴിലെ ശോഭനയുടെ അഭിനയത്തെപ്പറ്റിയും മാഗസിന്‍ പ്രതിപാദിക്കുന്നു.

മമ്മൂട്ടിയെ കൂടാതെ കമല്‍ ഹാസന്‍, രജനികാന്ത്, ചിരഞ്ജീവി, നാഗാര്‍ജ്ജുന, ശോഭന, രമ്യാ കൃഷ്ണന്‍, വിജയശാന്തി എന്നിവരാണ് പട്ടികയിലുള്ളത്. അതേസമയം, മോഹന്‍ലാലിനെ ഒഴിവാക്കിയതിന് എതിരെ വ്യാപകമായ എതിര്‍പ്പും ഉയര്‍ന്നു കഴിഞ്ഞു. ഈ വിഷയത്തില്‍ വ്യാപക ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.