ഐഎസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട്
അമേരിക്കന്‍ ആക്രമണത്തില്‍ ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകണം ലഭ്യമായിട്ടില്ല. സിറിയയിലെ ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ സൈനിക നടപടിയിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് വിവരം.
അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് പ്രമുഖ വാര്‍ത്താ മാധ്യമമായ ന്യൂസ് വീക്കാണ് ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവിട്ടത്. സിറിയയിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്ലിബില്‍ അമേരിക്കന്‍ സൈന്യം നടത്തിയ സൈനിക നടപടിയിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടത് എന്ന് പറയുന്നു.
ബാഗ്ദാദി ഒളിച്ചു താമസിച്ച കെട്ടിടത്തിലേക്ക് സൈന്യം കടന്നതോടെ നേരിയ ഏറ്റുമുട്ടലുണ്ടായി. പരാജയം ഉറപ്പായതോടെ ചാവേറായി അബൂബക്കര്‍ ബാഗ്ദാദി പൊട്ടിത്തെറിച്ചെന്നും ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു. ബാഗ്ദാദിയുടെ ബയോമെട്രിക്സ് വിവരങ്ങളും ഡിഎന്‍എ പരിശോധനകളും നടത്തിവരുകയാണെന്നാണ് വിവരം.
എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭ്യമായിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൌസില്‍ നടത്താനിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോക മാധ്യമങ്ങള്‍.









