ഇംപീച്ച്‌മെന്റ് : ട്രംപിനെതിരെ നിര്‍ണായക മൊഴി നല്‍കി അമേരിക്കയിലെ ഉക്രൈന്‍ സ്ഥാനപതി

ഇംപീച്ച്‌മെന്റ് നടപടികളില്‍ ട്രംപിന് എതിരെ കൂടുതല്‍ കുരുക്കുകള്‍. രാഷ്ട്രീയ എതിരാളി ജോ ബൈഡനെതിരായ അന്വേഷണത്തിന് ഡൊണള്‍ഡ് ട്രംപ് യുക്രെയ്ന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയതായാണ് വെളിപ്പെടുത്തല്‍. യുക്രെയ്‌നിലെ അമേരിക്കന്‍ സ്ഥാനപതി ബില്‍ ടെയ്‌ലറാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

ട്രംപിനെതിരെ ആദ്യം മൊഴി നല്‍കാനെത്തിയത് ബില്‍ ടെയ്‌ലറായിരുന്നു. ബൈഡനെതിരായ അഴിമതി കേസില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സമ്മര്‍ദം ചെലുത്താനായി ട്രംപ് യുക്രെയ്‌ന് സൈനിക സഹായം വാഗ്ദാനം ചെയ്തതായും ടെയ്‌ലര്‍ വെളിപ്പെടുത്തി.

2020-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ ഏറെ സാധ്യതയുള്ള ബൈഡനും മകനുമെതിരായ അഴിമതി കേസുകള്‍ കുത്തിപ്പൊക്കാന്‍ എന്തും ചെയ്യാമെന്നാണ് ട്രംപ് യുക്രെയ്ന്‍ സര്‍ക്കാരിനെ അറിയിച്ചത്. യുക്രെയ്ന്‍ പ്രസിഡന്റുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടയിലാണ് ട്രംപ് സമ്മര്‍ദം ചെലുത്താനുള്ള ശ്രമങ്ങള്‍ നടത്തിയത്. അതേസമയം, യുക്രെയ്ന്‍ പ്രസിഡന്റുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ശനിയാഴ്ച പുറത്തുവിടുമെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.