ഇംപീച്ച്‌മെന്റ് പ്രമേയം പാസായി ; ട്രാംപിന്റെ ഭാവി തുലാസില്‍

ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം അമേരിക്കന്‍ ജനപ്രതിനിധി സഭ പാസ്സാക്കി. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയില്‍ 197നെതിരെ 230 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. അമേരിക്കയുടെ ചരിത്രത്തില്‍ ഇംപീച്ച്‌മെന്റ് നടപടി നേരിടേണ്ടി വരുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ളതിനാലാണ് പ്രമേയം പാസ്സായത്. എന്നാല്‍ സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം.

അതുകൊണ്ടുതന്നെ സെനറ്റില്‍ പ്രമേയം പരാജയപെടുമെന്ന ആശ്വാസത്തിലാണ് ട്രംപ് അനുകൂലികള്‍. നേരത്തെ ഡെമോക്രാറ്റുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ഡോണള്‍ഡ് ട്രംപ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് കത്തയച്ചിരുന്നു. ഭരണത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. അവാസ്തവവും അതിഭാവുകത്വം നിറഞ്ഞതുമാണ് തനിക്കെതിരായ ആരോപണങ്ങളെന്നും ട്രംപ് കത്തില്‍ പറയുന്നു.

മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനെതിരായ കേസുകള്‍ കുത്തിപ്പൊക്കാന്‍ ട്രംപ് ഉക്രെയിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം. ഇന്റലിജന്‍സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ജുഡീഷ്യറി കമ്മിറ്റി ട്രംപിനെതിരെ അധികാര ദുര്‍വിനിയോഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്.

കൃത്യമായ തെളിവുകള്‍ ഇല്ലാതെയാണ് പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് ട്രംപ് ആരോപിച്ചു. പ്രമേയം സെനറ്റില്‍ പരാജയപ്പെട്ടാലും അടുത്ത വര്‍ഷം നടക്കാന്‍ ഇരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ തങ്ങളുടെ നീക്കം വഴിവെക്കുമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രതീക്ഷ. ജനപ്രതിനിധി സഭ പാസ്സാക്കിയെങ്കിലും ട്രംപ് അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പരാജയപ്പെടാനാണ് സാധ്യത.