നായര്‍ സ്ത്രീകളെ അപമാനിച്ചു ; ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്
നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന കേസില്‍ എം പി ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ശശി തരൂരിന്റെ പുസ്തകമായ ദി ഗ്രേറ്റ് ഇന്ത്യന്‍ നോവലില്‍ നായര്‍ സ്ത്രീകളെ മോശം പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. സന്ധ്യ ശ്രീകുമാര്‍ എന്ന അഭിഭാഷക നല്‍കിയ പരാതിയിലാണ് നടപടി .
‘ പണ്ട് ഭാര്യമാര്‍ തങ്ങളെ സ്വീകരിക്കാന്‍ തയ്യാറാണോ അല്ലയോ എന്ന് നായര്‍ സമുദായത്തിലെ പുരുഷന്മാര്‍ മനസ്സിലാക്കിയിരുന്നത് അവളുടെ മുറിക്കുപുറത്ത് മറ്റൊരു പുരുഷന്റെ ചെരുപ്പ് ഉണ്ടോ എന്ന് നോക്കിയായിരുന്നു’ എന്ന പരാമര്‍ശം പുസ്തകത്തില്‍ ഉണ്ടെന്നും ഇത് നായര്‍ സ്ത്രീകളെ അപമാനിക്കാന്‍ ആണെന്നും പരാതിയില്‍ പറയുന്നുണ്ട്. നായര്‍ സ്ത്രീയായ തനിക്ക് സമൂഹത്തില്‍ മാനക്കേട് ഉണ്ടാക്കുന്നതാണ് ശശി തരൂരിന്റെ പുസ്തകത്തിലെ പരാമര്‍ശം എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സന്ധ്യ ശ്രീകുമാര്‍ പരാതി നല്‍കിയത്. പരാതിയില്‍ തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതി കേസ് എടുക്കുകയും ഡിസംബര്‍ 21 ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.