118 വര്‍ഷത്തിനിടയിലെ കൊടുംതണുപ്പില്‍ ഡല്‍ഹി
118 വര്‍ഷത്തിനിടെയുള്ള ഏറ്റവും കടുത്ത തണുപ്പില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് രാജ്യതലസ്ഥാനം. ഇന്ന് രാവിലെ 2.4 ഡിഗ്രി സെന്‍ഷ്യസായിരുന്നു ഡല്‍ഹിയിലെ കാലാവസ്ഥ. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. 1901ന് ശേഷമുള്ള ഏറ്റവും തണുത്ത ഡിസംബര്‍ മാസത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് ഡല്‍ഹി എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം കഠിനമായ തണുപ്പിനൊപ്പമുള്ള വായു മലിനീകരണവും ഡല്‍ഹിയില്‍ രൂക്ഷമാണ്.
ഇതുകൂടാതെ ചൊവ്വാഴ്ച മുതല്‍ ഡല്‍ഹി ഉള്‍പ്പെടുന്ന ദേശീയ തലസ്ഥാനമേഖലയില്‍ മഴ തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. മഴ പെയ്താല്‍ തണുപ്പിന്റെ കാഠിന്യമേറും.
കനത്ത മഞ്ഞു കാരണം 21 ട്രെയിനുകള്‍ ആറു മണിക്കൂറോളം വൈകിയാണ് ഓടുന്നത്. ഉത്തരേന്ത്യന്‍ നഗരങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനുകളാണ് ഇതില്‍ കൂടുതലും. വ്യോമഗതാഗതത്തെയും മഞ്ഞ് സാരമായി ബാധിച്ചിട്ടുണ്ട്. നാലുവിമാനങ്ങള്‍ വഴിതിരിച്ചു വിട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
തണുപ്പു കടുത്തതോടെ തെരുവുകളില്‍ താമസിക്കുന്നവരാണ് ഏറെ പ്രയാസത്തിലായത്. കുട്ടികളും പ്രായമായവരും തണുത്തു വിറച്ചാണു കഴിയുന്നത്. ഇവര്‍ക്കായി രാത്രികാല താമസകേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെങ്കിലും പല സ്ഥലത്തും ഇവ വൃത്തിഹീനമാണെന്നു പരാതിയുണ്ട്. മലിനജലവും എലിശല്യവും ഇത്തരം കേന്ദ്രങ്ങളില്‍ താമസിക്കുന്നവരെ വലയ്ക്കുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും സമാനസ്ഥിതിയാണ്. തണുപ്പ് കനത്തതോടെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യപിച്ചിരിയ്ക്കുകയാണ്.









