JNU സംഘര്‍ഷം: മുഖംമൂടി ധരിച്ച് ആക്രമണം നടത്തിയവരുടെ പട്ടിക പുറത്ത്

JNUവില്‍ നടന്ന ആക്രമണ സംഭവങ്ങളില്‍ നിര്‍ണ്ണായക തെളിവ് പുറത്തു വിട്ട് ഡല്‍ഹി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 9 പേരുടെ പട്ടിക ഡല്‍ഹി പോലീസ് പുറത്തു വിട്ടു. ഇവരുടെ ഫോട്ടോയുള്‍പ്പെട്ട പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. JNU ക്യാമ്പസില്‍ അക്രമം അഴിച്ചുവിട്ടത് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ നേതൃത്വത്തിലെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തി.

ഐഷി ഘോഷിന്റെയും മറ്റ് വിദ്യാര്‍ഥി നേതാക്കളുടെയും ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ഒപ്പം 2 രണ്ട് ABVP പ്രവര്‍ത്തകരുടെ പേരുകളും പോലീസിന്റെ പ്രതിപ്പട്ടികയിലുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
9 പേരാണ് അക്രമസംഭവങ്ങളില്‍ പ്രതികളെന്നാണ് പോലീസ് പറയുന്നത്. വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, എം.എ കൊറിയന്‍ വിദ്യാര്‍ഥി വികാസ് പട്ടേല്‍, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥി പങ്കജ് മിശ്ര, മുന്‍ വിദ്യാര്‍ഥി ചുന്‍ചുന്‍ കുമാര്‍, ഗവേഷക വിദ്യാര്‍ഥി യോഗേന്ദ്ര ഭരദ്വാജ്, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥി ഡോലന്‍ സാമന്ത, സുചേത തലൂദ്കര്‍, ലാംഗ്വേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിലെ പ്രിയ രഞ്ജന്‍, വാസ്‌കര്‍ വിജയ് എന്നിവരെയാണ് പോലീസ് അക്രമസംഭവങ്ങളില്‍ പ്രതി ചേര്‍ത്തത്.

JNU സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് നടത്തിയ പത്രസമ്മേളനത്തിലാണ് ഈ വിവരം അറിയിച്ചത്. കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂം നശിപ്പിച്ചതിനാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നും അതിനാല്‍ മറ്റ് വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ചും അന്വേഷണം നടത്തിയുമാണ് പ്രതികളെ കണ്ടെത്തിയതെന്ന് ഡല്‍ഹി ഡി.സി.പി ജോയ് ട്രിക്കി പറഞ്ഞു.

5ന് ഉച്ചതിരിഞ്ഞ് 3:45ന് പെരിയാര്‍ ഹോസ്റ്റലില്‍ ആക്രമണം നടന്നു. ആ സമയത്ത് പുതിയ ചില ഗ്രൂപ്പുകളും രൂപീകരിക്കപ്പെട്ടിരുന്നു. വാട്ട്സ് ആപ്പ്, സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നെങ്കില്‍ അന്വേഷണം കൂടുതല്‍ നന്നായിരുന്നു. വൈഫൈ പ്രവര്‍ത്തനരഹിതമായതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായില്ല. അക്രമകാരികളെ തിരിച്ചറിഞ്ഞത് വൈറല്‍ വീഡിയോ, വിദ്യാര്‍ത്ഥികള്‍, JNU അഡ്മിനിസ്‌ട്രേഷന്‍ എന്നിവയിലൂടെയാണ്. JNU അദ്ധ്യാപക യൂണിയനും കേസന്വേഷണത്തില്‍ സഹായിച്ചതായും ഡിസിപി ജോയ് ടിര്‍ക്കി പറഞ്ഞു.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചിരുന്നു. മുഖം മറച്ച് മാരകായുധങ്ങളുമായെത്തിയ അന്‍പതോളം പേരായിരുന്നു ആക്രമണം നടത്തിയത്.