അഫ്ഗാനിസ്ഥാനില്‍ യാത്ര വിമാനം തകര്‍ന്നു വീണു

83 യാത്രക്കാരുമായി പോയ അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു. ആരിയാന എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നു വീണത് എന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ ദേഗ് യാഗ് ജില്ലയിലുള്ള ഗസ്‌നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. ഈ മേഘല താലിബാന്റെ നിയന്ത്രണത്തിലാണ്.

ഹെറാത്തില്‍ നിന്ന് കാബൂളിലേക്ക് പോകുന്ന വിമാനമാണ് തകര്‍ന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് പ്രവിശ്യാ വക്താവ് വ്യക്തമാക്കി. എന്നാല്‍ വിമാനയാത്രക്കാരെ സംബന്ധിച്ചോ ജീവനക്കാരെ സംബന്ധിച്ചോ യാതൊരു വിവരവും ഇതുവരെ പുറത്തു വന്നിട്ടില്ല.

പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.10നായിരുന്നു സംഭവം. അപകടകാരണം വ്യക്തമല്ല. അതേസമയം, താലിബാന്‍ അംഗങ്ങള്‍ വിമാനം തകര്‍ന്ന സ്ഥലത്ത് ഉണ്ടായിരുന്നതായും, കത്തിക്കയറുന്ന തീ അണയ്ക്കാന്‍ ശ്രമിച്ചതായും മിറര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.