പ്രവാചകന്റെ ഭാര്യ യുദ്ധത്തിന് പോയപ്പോള്‍ ആരും തടഞ്ഞില്ല ? കാന്തപുരത്തിന് മറുപടിയുമായി വി പി സുഹ്‌റ
പൌരത്വ നിയമ ഭേദഗതി സമരത്തില്‍ മുസ്ലീം സ്ത്രീകള്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയ്ക്കെതിരെ കനത്ത രീതിയുള്ള മറുപടിയുമായി മനുഷ്യാവകാശ പ്രവര്‍ത്തകയും നിസാ ഭാരവാഹിയുമായ വി.പി സുഹ്റ.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഭാര്യ യുദ്ധത്തിന് പോയപ്പോള്‍ ആരും തടഞ്ഞിരുന്നില്ല. പ്രവാചകന്റെ മാതൃകയാണ് ഇവര്‍ സ്വീകരിക്കുന്നതെങ്കില്‍ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ല. ചരിത്രം അങ്ങനെയാണ് പറയുന്നത്. ഇസ്ലാമില്‍ രാഷ്ട്രീയപരമായും എല്ലാ കാര്യങ്ങളിലും പുരുഷന്‍മാരോടൊപ്പം സ്ത്രീകളുമുണ്ടായിട്ടുണ്ട്. ഇസ്ലാം അത് നിരോധിക്കുന്നുണ്ട് എന്ന് പറയാനേ പറ്റില്ല.
പിന്നെ വേറെ ഒരു കാര്യമുള്ളത് സ്ത്രീകളൊക്കെ പുറത്ത് വന്ന് മുഷ്ടി ചുരുട്ടിക്കഴിഞ്ഞാല്‍ പുരുഷന്‍മാരുടെ കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് പോലെയാണ് അവര്‍ക്ക് തോന്നുന്നത്. കാരണം ഇവര്‍ ചോദ്യം ചെയ്യപ്പെടും. നാട് കത്തുമ്പോഴും പെണ്ണുങ്ങള്‍ അടുക്കളയില്‍ ഇരുന്നാ മതിയെന്നാണോ ഇവര്‍ പറയുന്നത്. ആ കാലം മാറി സ്ത്രീകളൊക്കെ തന്നെ വിദ്യാ സമ്പന്നരായിട്ടുണ്ട്.”- അവര്‍ക്ക് പൊതുബോധമുണ്ട്. ആ ബോധത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ പറ്റില്ലെന്നും സുഹ്റ കൂട്ടിച്ചേര്‍ത്തു.
‘മതസംഘടനകളായാലും രാഷ്ട്രീയപാര്‍ട്ടികളായാലും പറയുന്നത് സ്ത്രീകളെന്നും അടുക്കളയിലിരുന്നാല്‍ മതി, കുട്ടികളെ നോക്കിയാല്‍ മതിയെന്നാണ്. ഇത്തരം പ്രശ്നങ്ങളുടെ കാലത്ത് സ്ത്രീകള്‍ ഇറങ്ങേണ്ട എന്നാണെങ്കില്‍ നബിയുടെ കാലത്ത് നബി അങ്ങനെ എന്തുകൊണ്ട് പറഞ്ഞില്ല. എന്തുകൊണ്ട് ആയിഷ, അലിയുടെ ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു.’, വി.പി സുഹ്റ പറഞ്ഞു.
സ്ത്രീകള്‍ പുരുഷന്‍മാരെപ്പോലെ മുഷ്ടിചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞിരുന്നു. അതുപോലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിനിറങ്ങിയ സ്ത്രീകളെ വിമര്‍ശിച്ച് സമസ്ത കേരള സുന്നി യുവജന (എസ്.വൈ.എസ്) സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും നേരത്തെ രംഗത്തെത്തിയിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ പരസ്യ പ്രതിഷേധങ്ങള്‍ക്കിറങ്ങുന്ന മുസ്ലിം സ്ത്രീകള്‍ പരിധി വിടരുതെന്ന് സമസ്ത കേരള ഇ.കെ വിഭാഗവും പ്രസ്താവന ഇറക്കിയിരുന്നു.