24 ആഴ്ച വരെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി ; നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം
രാജ്യത്ത് സ്ത്രീകളില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതിനുള്ള ഉയര്‍ന്ന പരിധി 20 ആഴ്ചയില്‍ നിന്ന് 24 ആഴ്ചയായി നീട്ടാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബലാത്സംഗ ഇരകളെയും പ്രായപൂര്‍ത്തിയാകാത്തവരെയും സഹായിക്കാനാണ് ഇതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇത് ഗര്‍ഭധാരണത്തെ സുരക്ഷിതമായി അവസാനിപ്പിക്കുന്നത് ഉറപ്പാക്കുമെന്നും സ്ത്രീകള്‍ക്ക് അവരുടെ ശരീരത്തിന്മേല് പ്രത്യുത്പാദന അവകാശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് മാതൃമരണ നിരക്ക് കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അവിവാഹിതകളായ സ്ത്രീകള്‍ക്കും ആഗ്രഹിക്കാതെ ഗര്‍ഭിണികളാവുന്നവര്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കണമെന്നും പല സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി നിയമം ഭേദഗതി ചെയ്തു കൊണ്ട് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി (ഭേദഗതി) ബില്‍ 2020 മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. പാര്‍ലമെന്റിന്റെ തുടര്‍ന്നുള്ള സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.