വിജയുടെ വീട്ടിലെ റെയ്ഡ് അവസാനിച്ചു ; പരിശോധന നീണ്ടത് 30 മണിക്കൂര്‍
തമിഴ് താരം വിജയുടെ വീട്ടിലെ തെരച്ചില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ മടങ്ങി. ബിഗില്‍ സിനിമയുടെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടായിരുന്നു വിജയുടെ വീട്ടില്‍ ആദായവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. അവസാനിപ്പിച്ച് 30 മണിക്കൂറോളം നീണ്ട റെയ്ഡിനൊടുവില്‍ ഒന്നും കണ്ടെത്തിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയുടെ നിര്‍മാതാക്കള്‍, വിതരണക്കാര്‍, സാമ്പത്തിക സഹായികള്‍ എന്നിവരുടെ ചെന്നൈ, മധുര ഓഫീസുകളില്‍ നടന്ന റെയ്ഡുകളിലായി കണക്കില്‍ പെടാത്ത 77 കോടി കണ്ടെടുത്തു. ഭൂമി ആധാരങ്ങളും നിക്ഷേപ രേഖകളും പ്രോമിസറി നോട്ടുകളും പോസ്റ്റ് ഡേറ്റഡ് ചെക്കുകളും കണ്ടെടുത്തു എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിജയ്‌ക്കൊപ്പം താരത്തിന്റെ ഭാര്യയെയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. സിനിമകള്‍ക്ക് ധനസഹായം നല്‍കിയ അന്‍പുചെഴിയനില്‍ നിന്ന് 65 കോടി രൂപ കണ്ടെടുത്തു എന്നും വിവരമുണ്ട്. എന്നാല്‍ കൃത്യമായ വിവരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
ബിഗില്‍ ചിത്രത്തിന് വിജയ് പ്രതിഫലം വാങ്ങിയത് 30 കോടി രൂപ ആയിരുന്നു. പ്രതിഫലം സംബന്ധിച്ച് അന്‍പ് ചെഴിയന്റെയും നിര്‍മാതാവിന്റെയും മൊഴികളും താരത്തിന്റെ ആദായനികുതി രേഖകളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കസ്റ്റഡിയും റെയ്ഡും. അതേസമയം കേന്ദ്രസര്‍ക്കാര്‍ പക പോക്കുകയാണ് എന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന മുഖ്യ ആരോപണം.