വിജയ് ലൊക്കേഷനില്‍ മടങ്ങിയെത്തി ; മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിന് കാതോര്‍ത്ത് സിനിമാ ലോകം

സിനിമയിലും ജീവിതത്തിലും തനിക്ക് തെറ്റ് എന്ന് തോന്നുന്നത് വെട്ടി തുറന്നു പറയുന്ന വ്യക്തിയാണ് തമിഴ് സിനിമാ താരം വിജയ്. തമിഴിലെ ഒന്നാം നിര നായകന്മാരില്‍ ഒന്നാമന്‍ ആണ് ആരാധകര്‍ ദളപതി എന്ന് വിളിക്കുന്ന ഈ താരം ഇപ്പോള്‍. തന്റെ സിനിമയിലൂടെ സാമൂഹികമായ വിഷയങ്ങള്‍ ലോകത്തിനു മുന്നില്‍ കൊണ്ടുവരിക എന്നത് ഇപ്പോള്‍ വിജയ് സിനിമകളില്‍ സ്ഥിരമാണ്.

സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ ജനദ്രോഹപരമായ വിഷയങ്ങള്‍ വെട്ടിത്തുറന്നു കാണിച്ചതോടെ രാഷ്ട്രീയക്കാര്‍ ശത്രു പക്ഷത്താണ് വിജയ് എന്ന താരത്തിനെ കാണുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍ രാഷ്ട്രീയ പകപോക്കല്‍ ആണ് എന്ന നിലയില്‍ മാധ്യമങ്ങള്‍ സഹിതം വാര്‍ത്ത നല്‍കിയതും.

തുടര്‍ച്ചയായി മുപ്പത് മണിക്കൂര്‍ ആണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയ്യെ ചോദ്യം ചെയ്തത്. ആദായ നികുതി വകുപ്പിന്റെ മാരത്തോണ്‍ ചോദ്യം ചെയ്യലിന് ശേഷം പുതിയ സിനിമയുടെ ലോക്കെഷനിലേക്ക് എത്തിയ വിജയ്ക്ക് ആരാധകരും സിനിമാ പ്രവര്‍ത്തകരും ചേര്‍ന്ന് വലിയ സ്വീകരണമാണ് നല്‍കിയത്.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മസ്റ്ററിന്റെ ലൊക്കേഷനില്‍ നിന്നാണ് ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ വിജയ്യെ ചോദ്യം ചെയ്യലിനായി കൂട്ടികൊണ്ട് പോയത്.

ചെന്നൈ പനയൂരിലെ വീട്ടില്‍ മുപ്പത് മണിക്കൂറോളം പരിശോധന നടത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ഇവിടെന്ന് പരിശോധനയ്ക്കായി കൊണ്ട് പോവുകയും ചെയ്തു.താരത്തെയും ഭാര്യയേയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.

വിജയ് നായകനായ ‘ബിഗില്‍’ എന്ന സിനിമയുടെ നിര്‍മാണത്തിന് പണം പലിശയ്ക്ക് നല്‍കിയയാളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തിരുന്നു.300 കോടിയിലേറെ രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായി സംശയിക്കുന്നുണ്ടെന്ന് ആദായനികുതി അധികൃതര്‍ പറഞ്ഞു. അതേസമയം ഷൂട്ടിംഗ് ലൊക്കേഷനില്‍ താരം മടങ്ങി എത്തിയതില്‍ ആരാധകര്‍ ആവേശത്തിലാണ്. പ്രമുഖ മലയാള സിനിമാ താരങ്ങളും സംവിധായകരും വിജയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പരസ്യമായി രംഗത്ത് വന്നു കഴിഞ്ഞു.

അതുപോലെ ഈ സംഭവത്തോടെ മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാ ലോകവും ഇപ്പോള്‍. ഓഡിയോ ലോഞ്ചില്‍ വിജയ് തനിക്കെതിരായ ആദായ നികുതി വക്കുപ്പിന്റെ നടപടിക്കെതിരെ പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സിനിമകളില്‍ കൂടെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന വിജയ് ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ പരസ്യമായി തന്നെ പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് തമിഴ് സിനിമാ ലോകം.