വിജയ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആദായ നികുതി വകുപ്പ്

തമിഴ് സിനിമാ താരം വിജയ്ക്ക് വീണ്ടും ആദായ നികുതിവകുപ്പിന്റെ നോട്ടിസ്. മൂന്നു ദിവസത്തിനകം നേരിട്ട് ഹാജരാകണമെന്നു കാണിച്ചാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ചെന്നൈയിലെ ആദായ നികുതിവകുപ്പിന്റെ ഓഫീസിലാണ് ഹാജരാവേണ്ടത്. സ്വത്തുവിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

നേരത്തെ നടത്തിയ പരിശോധനയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു എന്നും അതു കൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യാന്‍ അദ്ദേഹത്തിനു നോട്ടിസ് അയച്ചതെന്നുമാണ് വിവരം. വിജയ്‌ക്കൊപ്പം, ബിഗില്‍ സിനിമയുടെ നിര്‍മാതാവ് കല്പാത്തി എസ് അഘോരം, പണം നല്‍കിയ അന്‍പു ചെഴിയന്‍ എന്നിവര്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം, 30 മണിക്കൂറിലധികം വിജയ്യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. ബിഗില്‍ സിനിമയുടെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടായിരുന്നു വിജയുടെ വീട്ടില്‍ ആദായവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

സിനിമയുടെ നിര്‍മാതാക്കള്‍, വിതരണക്കാര്‍, സാമ്പത്തിക സഹായികള്‍ എന്നിവരുടെ ചെന്നൈ, മധുര ഓഫീസുകളില്‍ നടന്ന റെയ്ഡുകളിലായി കണക്കില്‍ പെടാത്ത 77 കോടി കണ്ടെടുത്തിരുന്നു. ഭൂമി ആധാരങ്ങളും നിക്ഷേപ രേഖകളും പ്രോമിസറി നോട്ടുകളും പോസ്റ്റ് ഡേറ്റഡ് ചെക്കുകളും കണ്ടെടുത്തു എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിജയ്‌ക്കൊപ്പം താരത്തിന്റെ ഭാര്യയെയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. സിനിമകള്‍ക്ക് ധനസഹായം നല്‍കിയ അന്‍പുചെഴിയനില്‍ നിന്ന് 65 കോടി രൂപ കണ്ടെടുത്തു എന്നും വിവരമുണ്ട്.

ബിഗില്‍ ചിത്രത്തിന് വിജയ് പ്രതിഫലം വാങ്ങിയത് 30 കോടി രൂപ ആയിരുന്നു. പ്രതിഫലം സംബന്ധിച്ച് അന്‍പു ചെഴിയന്റെയും നിര്‍മാതാവിന്റെയും മൊഴികളും താരത്തിന്റെ ആദായനികുതി രേഖകളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കസ്റ്റഡിയും റെയ്ഡും.

കഴിഞ്ഞ ദിവസം ‘മാസ്റ്റര്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് സ്ഥലമായ നെയ്വേലിയില്‍ നിന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചത്. മുപ്പത് മണിക്കൂറോളം നീണ്ടു നിന്ന പരിശോധനയും ചോദ്യം ചെയ്യലുമാണ് അന്ന് ഉണ്ടായത്. വിജയ്യുടെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

വിജയ്‌ക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. വിജയുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധിച്ചതായാണ് വിവരം.