CAA പ്രക്ഷോഭം ; ഡല്‍ഹിയിലും അലിഗഡിലും സംഘര്‍ഷം

CAA പ്രക്ഷോഭം ഒഴിയാതെ രാജ്യം. പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരെ പ്രക്ഷോഭം നടക്കുന്ന ഡല്‍ഹിയിലെ ജാഫറാബാദിന് സമീപമുള്ള മൗജ്പൂരില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി . ഉത്തര്‍ പ്രദേശിലെ അലിഗഢില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭകരും പോലീസും തമ്മിലാണ് ഏറ്റുമുട്ടിയത്. മൗജ്പൂരില്‍ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഒരുവിഭാഗം നടത്തിയ റാലിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇരുകൂട്ടരും പരസ്പരം കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

എന്നാല്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രകടനം നടത്തിയവര്‍ കല്ലേറ് നടത്തിയിട്ടില്ലെന്ന് കപില്‍ മിശ്ര അവകാശപെട്ടു.അലിഗഡില്‍ പോലീസിനുനേരെ കല്ലേറ് ഉണ്ടായതിനെത്തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തേണ്ടി വന്നുവെന്നാണ് പോലീസ് വിശദീകരിക്കുന്നത്. സംഘര്‍ഷത്തിനിടെ ഒരു പോലീസ് വാഹനം തകര്‍ത്തു. ഏതാനും പ്രക്ഷോഭകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ദ്രുതകര്‍മ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.സംഘര്‍ഷത്തെ തുടര്‍ന്ന് അലിഗഡില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാഫറാബാദില്‍ ശനിയാഴ്ച രാത്രിയാണ് പ്രക്ഷോഭം തുടങ്ങിയത്.പ്രക്ഷോഭത്തെ തുടര്‍ന്ന് ജാഫറാബാദ് മെട്രോ സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചിടുകയും ചെയ്തിരുന്നു.ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന സംഘം വൈകീട്ട് മൂന്നോടെ ജാഫറാബാദ് മെട്രോ സ്റ്റേഷന് സമീപമെത്തി റോഡില്‍ നിന്ന് മാറാന്‍ പ്രക്ഷോഭകരോട് ആവശ്യപെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.