ഡല്‍ഹി കലാപം ; മരിച്ചവരുടെ എണ്ണം 53

ഡല്‍ഹിയില്‍ ഉണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. ഇതോടെ കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍ രാജ്യത്തുണ്ടായ കലാപങ്ങളില്‍ രണ്ടാമത്തെ രക്തരൂക്ഷിതമായ കലാപമായി ഡല്‍ഹി മാറി. 2002 ല്‍ ഗുജറാത്തില്‍ ഗുജറാത്തിലുണ്ടായ കലാപത്തിന് ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ കലാപമായി ഡല്‍ഹി കലാപം മാറിയിരിക്കുന്നു.

ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് 44 പേര്‍ ജിബിടി ആശുപത്രിയിലും അഞ്ച് പേര്‍ ആര്‍എംഎല്‍ ആശുപത്രിയിലും മൂന്നു പേര്‍ ലോക്‌നായക് ആശുപത്രിയിലും ഒരാള്‍ ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയിലും മരിച്ചതായാണ് വ്യക്തമാക്കിയിരിക്കുന്നത്.

പൊലീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് 654 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് 1820 പേര്‍ അറസ്റ്റിലായിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 47 ആയുധ നിയമ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2002 ലെ ഗുജറാത്തില്‍ നടന്ന കലാപത്തില്‍ ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. 1992 ല്‍ ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയ ശേഷം കൊല്‍ക്കത്ത, ഡല്‍ഹി, കാണ്‍പൂര്‍, സൂററ്റ് തുടങ്ങി നിരവധി നഗരങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. മുംബൈയില്‍ മാത്രം വര്‍ഗീയ കലാപത്തില്‍ 1,500 മരണങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.