ഫോണ്‍ പേ പണമിടപാടുകള്‍ പൂര്‍വ സ്ഥിതിയിലായി

തടസമായി കിടന്ന ഫോണ്‍ പേ പണമിടപാടുകള്‍ പൂര്‍വ സ്ഥിതിയിലായി. യെസ് ബാങ്കിന് റിസര്‍വ് ബാങ്ക് മോറട്ടോറിയം ഏര്‍പ്പെടുത്തിയതോടെ പണ ഇടപാടുകള്‍ തടസപ്പെട്ട ഫോണ്‍ പേ യെസ് ബാങ്കിനു പകരം ഐസിഐസിഐ ബാങ്കുമായി പാര്‍ട്ണര്‍ഷിപ്പിലെത്തിയാണ് പ്രതിസന്ധി പരിഹരിച്ചത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഫോണ്‍ പേ സിഇഒ സമീര്‍ നിഗം ആണ് വിവരം അറിയിച്ചത്.

”പ്രിയപ്പെട്ട ഫോണ്‍ പേ ഉപഭോക്താക്കളേ, നമ്മള്‍ തിരികെ എത്തിയിരിക്കുകയാണ്. നാഷണല്‍ പേയ്മന്റ് കോര്‍പ്പറേഷന്റെയും പുതിയ പാര്‍ട്ണറായ ഐസിഐസിഐ ബാങ്കിന്റെയും അശ്രാന്ത പരിശ്രമം കൊണ്ടാണ് ഇത് സാധ്യമായത്. ഇത് ഒരിക്കലും മറക്കില്ല”- തന്റെ ട്വീറ്റിലൂടെ സമീര്‍ പറയുന്നു.

നേരത്തെ ഫോണ്‍ പേ വഴിയുള്ള ഇടപാടുകള്‍ തടസപ്പെട്ടതിന് സമീര്‍ നിഗം മാപ്പ് അപേക്ഷിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ തീവ്ര ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും സമീര്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പറഞ്ഞിരുന്നു.

ഫോണ്‍ പേ, ഭാരത് പേ തുടങ്ങിയ യുപിഐ തേഡ് പാര്‍ട്ടി ആപ്പുകളുടെ ബാങ്കിംഗ് പാര്‍ട്ണര്‍ ആണ് യെസ് ബാങ്ക് ആണ്. ക്ലിയര്‍ ട്രിപ്, എയര്‍ടെല്‍, സ്വിഗ്ഗി, റെഡ് ബസ്, പിവിആര്‍, ഉഡാന്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയവയുടെയും ബാങ്കിം പാര്‍ട്‌നര്‍ ആണ് യെസ് ബാങ്ക്.

10,000 കോടിയുടെ കിട്ടാക്കടമുളള ബാങ്കിന്റെ മൂലധനം ഉയര്‍ത്തി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എസ്ബിഐ യെസ് ബാങ്കിനു മേല്‍ മോറട്ടോറിയം ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 5 വ്യാഴാഴ്ച മുതലാണ് യെസ് ബാങ്കിനു മേല്‍ മോറട്ടോറിയം ഏര്‍പ്പെടുത്തിയത്. മോറട്ടോറിയം ഏപ്രില്‍ 6 വരെ തുടരും. അതുപോലെ യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ അറസ്റ്റില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ആണ് റാണയെ അറസ്റ്റ് ചെയ്തത്. 30 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറെസ്റ്റ്,DHFL ഉം ആയി ബന്ധപെട്ട കള്ളപ്പണ കേസിലാണ് അറെസ്റ്റ് ചെയ്തത്.