കൊറോണ വൈറസ്-അഞ്ചു ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമെന്ന്
പി.പി. ചെറിയാന്
ബാള്‍ട്ടിമോര്‍ (മേരിലാന്‍ഡ്): കൊറോണ വൈറസ് ബാധിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമെന്ന് പുതിയ പഠനം. കൊറോണ വൈറസ് മൂലമുണ്ടായ കോവിഡ് -19 ബാധിക്കുന്ന ഭൂരിഭാഗം രോഗികളിലും അണുബാധയേറ്റ് ഏകദേശം അഞ്ച് ദിവസമാകുമ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ വിദഗ്ധര്‍ മാര്‍ച്ച് 10 തിങ്കളാഴ്ച പറഞ്ഞു.
പനി, ചുമ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ പ്രത്യക്ഷപ്പെടുന്നതോടെ വൈറസ് ശരീരത്തിനുള്ളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെന്ന് ഉറപ്പിക്കാം. അതുകൊണ്ടുതന്നെ നിലവില്‍ ലോകാരോഗ്യസംഘടന ഉള്‍പ്പടെ നിര്‍ദേശിച്ചിട്ടുള്ള 14 ദിവസത്തെ ക്വാറന്റൈനിലുള്ള നിരീക്ഷണം എല്ലാവരും പാലിക്കണമെന്നും പഠനസംഘം പറയുന്നു. രോഗബാധയുള്ള രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തുന്നവര്‍ നിര്‍ബന്ധമായും ക്വാറന്റൈനില്‍ തുടരണം.
”വൈറസിന്റെ ഇന്‍കുബേഷന്‍ കാലാവധി അഞ്ച് ദിവസമാണെന്ന് ഉറപ്പുണ്ട്,” 181 കേസുകളില്‍ രോഗത്തിന്റെ പുരോഗതി വിശകലനം ചെയ്താണ് പഠനം നടത്തിയതെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ബ്ലൂംബെര്‍ഗ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ എപ്പിഡെമിയോളജിസ്റ്റ് ജസ്റ്റിന് ലെസ്ലര്‍ പറഞ്ഞു. വൈറസ് ബാധിച്ചവരെ ക്വാറന്റൈനിലാക്കുന്നത് രോഗം വ്യാപിക്കുന്നത് കൃത്യമായി തടയും. രോഗം ബാധിച്ച ഒരാള്‍ എത്ര സമയത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമെന്ന് മനസിലാക്കാന്‍ കൃത്യമായ പരിശീലനം ലഭിച്ച പൊതുജനാരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിക്കും. രോഗബാധിച്ചയാള്‍ വാ മൂടാതെ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോഴാണ് സമീപത്തുള്ളയാളിലേക്ക് രോഗം പടരാന്‍ സാധ്യത കൂടുതലെന്ന് അമേരിക്കന്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍ വ്യക്തമാക്കുന്നു.വൈറസ് ബാധയേറ്റാല്‍ രണ്ടു മുതല്‍ 14 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രകടമാകുമെന്ന് വ്യക്തമാകുന്ന പഠനങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ചില കേസുകളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ 27 ദിവസം വരെ എടുത്തിട്ടുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
എങ്കിലും വൈറസ് ശരീരത്തിലെത്തിയാല്‍ അതിന്റെ ശരാശരി ഇന്‍കുബേഷന്‍ സമയം ഏകദേശം 5.1 ദിവസമാണെന്ന് അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന് എന്ന അക്കാദമിക് മെഡിക്കല്‍ ജേര്‍ണല്‍ വ്യക്തമാക്കുന്നു. ഇതുവരെ ലോകത്ത് കൊറോണ സ്ഥിരീകരിച്ച 97.5 ശതമാനം കേസുകളില്‍ 11.5 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായതായാണ് റിപ്പോര്‍ട്ട്.”വൈറസ് ബാധിക്കുന്നത് ആദ്യ ഘട്ടത്തില്‍തന്നെ കണ്ടെത്തുന്നത് വളരെ പ്രധാനമാണ്, കാരണം കൂടുതല്‍ മുന്നൊരുക്കങ്ങളും ആവശ്യമായ പരിചരണവും ഉറപ്പാക്കാന്‍ ഇത് സഹായിക്കും” ഡോ. ലെസ്ലര്‍ പറഞ്ഞു.
തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം 100 രാജ്യങ്ങളിലായി ഏകദേശം 113000 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പത്തുലക്ഷത്തിലേറെ പേര് രോഗലക്ഷണങ്ങളുമായി ക്വാറന്റൈന് നിരീക്ഷണത്തിലാണ്.