കൊറോണ ; സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: വി മുരളീധരന്‍

ആഗോളതലത്തില്‍ Corona Virus വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ കുറ്റപ്പെടുത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കൊറോണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അങ്ങേയറ്റ0 ജാഗ്രതയോടെ കാര്യങ്ങളെ സമീപിക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു എന്ന ധാരണയുണ്ടാകുന്ന തരത്തില്‍ കേരളത്തില്‍ നിന്ന് സന്ദേശമുണ്ടാകുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള നീക്കം മാത്രമാണെന്ന് വി. മുളീധരന്‍ കുറ്റപ്പെടുത്തി.

ഇറ്റലിയിലും ഇറാനിലും കുടുങ്ങിയവരെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുകയാണ് എന്നും ഇത്തരം വിഷയങ്ങള്‍ മാധ്യമങ്ങള്‍ സ്വതന്ത്രമായും നിഷ്പക്ഷമായും റിപ്പോര്‍ട്ട് ചെയ്യുന്നതാണ് മര്യാദയെന്നും വി. മുരളീധരന്‍ പറഞ്ഞു. ചില മാധ്യമങ്ങള്‍ പറയുന്നത് വിദേശകാര്യവകുപ്പ് ഒന്നും ചെയ്യുന്നില്ല എന്നാണ്. വിദേശകാര്യവകുപ്പ് ചെയ്യുന്ന ഓരോ കാര്യങ്ങളും മാധ്യമങ്ങളെ അറിയിക്കുന്ന രീതി ഇല്ല. യുദ്ധകാലസമാന സാഹചര്യമാണ്. കേന്ദ്രസര്‍ക്കാരും വിദേശരാജ്യങ്ങളുമായി ചര്‍ച്ചചെയ്തും അനുവാദം വാങ്ങിയുമാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്, അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന ധാരണയുണ്ടാക്കുന്ന തരത്തിലുള്ള പ്രചരണം പക്ഷപാതപരമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനില്‍നിന്ന് പ്രതിരോധ വകുപ്പിന്റെ വിമാനത്തില്‍ ഇറാനില്‍നിന്നുള്ള ആദ്യ സംഘത്തെ കൊണ്ടുവന്നിരുന്നു. ഇറാനില്‍ ബാക്കിയുള്ള ഇന്ത്യക്കാരുടെ സാമ്പിളുകളും കൊണ്ടുവന്നിട്ടുണ്ട്. ഈ സാമ്പിളുകള്‍ പരിശോധിച്ചതിനു ശേഷം തുടര്‍ നടപടികളുണ്ടാകും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വിദേശകാര്യ മന്ത്രി വ്യക്തമാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ഇറ്റലിയിലുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന കാര്യത്തിലും സര്‍ക്കാരിന് വ്യക്തമായ പദ്ധതിയുണ്ട്. രോഗമുള്ളവരും ഇല്ലാത്തവരും ഒരുമിച്ച് യാത്രചെയ്താല്‍ രോഗമില്ലാത്തവര്‍ക്കു കൂടി പകരും. രോഗം ഇല്ലാത്തവരെ കൊണ്ടുവരികയും ഉള്ളവരെ അവിടെ തന്നെ ചികിത്സിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതിനായി ഇന്ത്യയില്‍നിന്ന് മെഡിക്കല്‍ സംഘം ഇറ്റയിലേയ്ക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.