ട്രെയിനില്‍ യാത്ര ചെയ്തവര്‍ക്ക് കൊറോണ ബാധ ; രാജ്യത്ത് സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു

മുംബൈയില്‍ നിന്ന് ജബല്‍പൂരിലേക്ക് യാത്ര ചെയ്ത നാല് യാത്രക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹി-രാമഗുണ്ടം ട്രെിനിലെ എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസില്‍ സഞ്ചരിച്ച 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 13ന് സഞ്ചരിച്ച 8 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.
ഡല്‍ഹിയില്‍ നിന്നും തെലങ്കാനയിലേക്ക് യാത്ര ചെയ്തതാണ് ഇവര്‍.റെയില്‍വേയാണ് രോഗബാധിതരെ കണ്ടെത്തിയത്. യാത്രകള്‍ നിയന്ത്രിക്കണമെന്ന് റെയില്‍വേ അധികൃതര്‍ നിര്‍ദേശിച്ചു.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 271 ആയി. രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോഴും കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം അതിവേഗം വര്‍ധിക്കുകയാണ്. അടുത്ത മൂന്ന് ദിവസങ്ങളിലായി 100ല്‍ അധികം പേര്‍ക്ക് വൈറസ് ബാധയുണ്ടായി.

രോഗം പടരുന്ന സാഹചര്യത്തില്‍ ഒ.പി അടക്കമുള്ളവക്ക് ഡല്‍ഹി എയിംസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാഹിത കേസുകള്‍ മാത്രം പരിഗണിക്കും. ഗായിക കനിക കപൂര്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്ത ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ജെ.പി സിങ് അടക്കമുള്ള 28 പേരുടെ പരിശോധന ഫലം നെഗറ്റീവെന്ന് കെ.ജി.എം.യു ആശുപത്രി അറിയിച്ചു.

കാശി വിശ്വനാഥ ക്ഷേത്രം മാര്‍ച്ച് 24 വരെ അടച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നിലവില്‍ വരും. നാളെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ എല്ലാ സംസ്ഥാനങ്ങളും പങ്കെടുക്കും. ഡല്‍ഹി കേരള ഹൗസില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ അത്യാവശ്യ സര്‍വീസ് ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും.