രാഷ്ട്രപതിയുടെയും എംപിമാരുടെയും ശമ്പളം വെട്ടികുറച്ചു ; രണ്ട് വര്‍ഷത്തേക്ക് ഇനി എംപി ഫണ്ടില്ല

കൊറോണ പ്രതിരോധത്തിന് പണം സ്വരൂപിക്കാന്‍ കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം ഒരു വര്‍ഷത്തേക്ക് വെട്ടികുറച്ചു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പാര്‍ലമെന്ററി അംഗങ്ങള്‍, ഗവര്‍ണര്‍മാര്‍ എന്നിവരുടെ മുപ്പത് ശതമാനം ശമ്പളമാണ് ഒരു വര്‍ഷത്തേക്ക് വെട്ടികുറച്ചിരിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കൊവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരുടെയും ശമ്പളം വെട്ടിക്കുറച്ചതായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഏകദേശം 7,900 കോടി രൂപയാണ് 2020-21, 2021-22 വര്‍ഷങ്ങളിലെ എംപിഎല്‍എഡി ഫണ്ടിലെ തുക.

സമൂഹത്തോടുള്ള ഉത്തരവാദിത്തമെന്ന നിലയില്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിലൂടെ സമാഹരിക്കുന്ന പണം കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കാണ് പോകുക. 2020 ഏപ്രില്‍ ഒന്ന് മുതലാണ് ശമ്പളവും പെന്‍ഷനും വെട്ടികുറയ്ക്കുക.

അതേസമയം എംപി ഫണ്ട് തടഞ്ഞുവെക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധമാണ് നിലവില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വിവിധ മണ്ഡലങ്ങളിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും ആശുപത്രിക്കും മറ്റും എംപി ഫണ്ട് ഉപയോഗപ്പെടുത്താന്‍ തയ്യാറായി ഇരിക്കെയാണ് ഇത്തരത്തിലൊരു തീരുമാനമുണ്ടായിരിക്കുന്നത്.

എം പി ഫണ്ട് റദ്ദാക്കിയതിനെതിരെ പ്രതിപക്ഷ എംപിമാര്‍ രംഗത്തുവന്നു. ഫണ്ട് വെട്ടിക്കുറക്കുന്നതിന് പകരം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കണമായിരുന്നുവെന്ന് എ. കെ ആന്റണി പറഞ്ഞു. കൂടിയാലോചന ഇല്ലാതെയാണ് തീരുമാനം എടുത്തതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.

എം പി ഫണ്ട് ഉപയോഗിച്ച് ആശുപത്രി ഉപകരണം വാങ്ങാന്‍ അനുമതി നല്‍കിയെന്നും ഇനി തുക ലഭിച്ചില്ലെങ്കില്‍ പ്രതിസന്ധി ഉണ്ടാകുമെന്നും എ. എം ആരിഫ് എം.പി പറഞ്ഞു. വിഷയം സ്പീക്കരുടെയും കേന്ദ്ര സര്‍ക്കാരിന്റെയും മുന്നില്‍ പ്രതിപക്ഷം ഉന്നയിക്കും.