കൊറോണയുടെ പേരില്‍ രാഷ്ട്രീയവത്കരണം അപകടം എന്ന് ട്രംപിനോട് ലോകാരോഗ്യ സംഘടന

കൊറോണ വൈറസിന്‌റെ പേരില്‍ രാഷ്ട്രീയവത്കരണം പാടില്ല എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ലോകാരോഗ്യ സംഘടന. മഹാമാരിയുടെ സാഹചര്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് വലിയ അപകടമുണ്ടാക്കുമെന്നും കൂടുതല്‍ പേരുടെ മരണത്തിലാണ് ഇത് കലാശിക്കുകയെന്നും WHO ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോട് ചായ് വെന്ന ട്രംപിന്റെ വിമര്‍ശനത്തിനാണ് ടെഡ്രോസ് അദനോം മറുപടി നല്‍കിയത്.

ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിലാണ് മുഴുവന്‍ രാഷ്ട്രീയ നേതാക്കളും ശ്രദ്ധ ചെലുത്തേണ്ടത്. വൈറസിന്റെ പേരിലുള്ള രാഷ്ട്രീയവത്കരണം കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ‘ദയവ് ചെയ്ത് കോവിഡിനെ രാഷ്ട്രീയവത്കരിക്കുന്നത് ക്വാറന്റൈന്‍ ചെയ്യൂ’ എന്നായിരുന്നു രാഷ്ട്രത്തലവന്മാരോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ട്രംപ് രൂക്ഷ വിമര്‍ശനം നടത്തിയത്. ലോകാരോഗ്യ സംഘടന എപ്പോഴും ചൈനയുടെ പക്ഷത്താണെന്നും ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസിനെ പ്രതിരോധിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ സംഘടന നല്‍കിയില്ല. ചൈന ചെയ്തതു തെറ്റാണെന്നറിഞ്ഞിട്ടും നിലപാട് മാറ്റുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. സംഘടനയ്ക്കുള്ള യുഎസ് ധനസഹായം നിര്‍ത്തിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും പറഞ്ഞിരുന്നു. 58 മില്യണ്‍ ഡോളറാണ് പ്രതിവര്‍ഷം അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്.

അതേസമയം, അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1,895 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ആകെ മരണം 14,700 കടന്നു. 29,875 പുതിയ കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്പില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ബ്രിട്ടനിലാണ്. 938പേര്‍ മരിച്ചു. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,000 കടന്നു. രോഗബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷം പിന്നിട്ടു.