രണ്ട് കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

പി.പി. ചെറിയാന്‍

സ്പ്രിംഗ്ഹില്‍ (ഫ്ളോറിഡാ): സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടു മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു.

ഏപ്രില്‍ 10 വെള്ളിയാഴ്ച ഫ്ളോറിഡാ സ്പ്രിംഗ്ഹില്ലിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നും ഒരു ആത്മഹത്യ കുറിപ്പ് ലഭിച്ചതായി ഈ വീടുമായി ബന്ധപ്പെട്ട ഒരു സ്ത്രീ ഹെര്‍നാന്‍ണ്ടൊ കൗണ്ടി ഷെറിഫ് ഓഫിസില്‍ അറിയിച്ചു. സ്ത്രീയുടെ പേര് പൊലീസ് വെളിപ്പെടുത്തിയില്ല.

ആത്മഹത്യാകുറിപ്പ് ലഭിച്ചയുടനെ സ്ത്രീ വീട്ടിലെത്തിയപ്പോള്‍ വീടിനു തീപിടിച്ചിരിക്കുന്നതും കുട്ടികളുടെ പിതാവ് ഡെറിക് ആല്‍ബര്‍ട്ട് വാസ്‌ക്വിസ് (43) മരിച്ചു കിടക്കുന്നതുമാണ് കണ്ടത് ഇതിനിടയില്‍ പൊലീസും സംഭവ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പത്തു വയസ്സുള്ള കെയ് ലനിയും സഹോദരന്‍ കെയ്ദനും (13) വീടിനകത്ത് മരിച്ചു കിടക്കുന്നതായി കണ്ടെത്തി.

രണ്ടു കുട്ടികളും ജെ.ഡി.ഫ്ലോയ്ഡ് എലിമെന്ററി ആന്റ് പവല്‍ മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ഇവരുടെ പേരില്‍ ഗൊഫണ്ട് മി അക്കൗണ്ട് തുറന്നിട്ടുണ്ട്. ശവസംസ്‌ക്കാര ചടങ്ങുകള്‍ക്കായി തുറന്ന അക്കൗണ്ടില്‍ ഏപ്രില്‍ 12 ഞായറാഴ്ചയോടെ 10,000 ഡോളര്‍ ലഭിച്ചിട്ടുണ്ട്.

കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തതാണെന്ന് ഹെര്‍ണാന്‍ഡൊ കൗണ്ടി ഷെറിഫ് ഓഫിസ് വെളിപ്പെടുത്തി. കുടുംബ പ്രശ്നങ്ങള്‍ ആകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിലാണ്.