പ്രവാസികളുമായി തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം നാളെ

പ്രവാസികളെയും കൊണ്ട് ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം നാളെ പുറപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഇന്നലെ റദ്ദാക്കിയ വിമാനമാണ് ബുധനാഴ്ച എത്തുന്നത്. നാളെ രാത്രി 7 മണിയ്ക്ക് പുറപ്പെടുന്ന വിമാനം ബുധനാഴ്ച പുലര്‍ച്ചെ 12:40 ന് തിരുവനന്തപുരത്ത് എത്തും. ചില സാങ്കേതിക കാരണങ്ങളാലാണ് അവസാന നിമിഷം വിമാനം റദ്ദു ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കോഴിക്കോട്ടേക്ക് ആളുകളെ കൊണ്ടുവന്ന അതേ വിമാനമായിരുന്നു തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തേണ്ടിയിരുന്നത്. പക്ഷേ ഈ വിമാനത്തിന് ദോഹയില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതിനാലാണ് സര്‍വീസ് മുടങ്ങിയത്.

പ്രവാസികളെ കൊണ്ടുവരാന്‍ വേണ്ടി മാത്രം പോകുന്ന വിമാനങ്ങളില്‍ ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കുന്നതിനാലാണ് ഖത്തര്‍ അനുമതി നിഷേധിച്ചതെന്നും ഒരു സൂചനയുണ്ട്. ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കിയാല്‍ പിന്നെ കൊമേഴ്‌സ്യല്‍ ഫ്‌ലൈറ്റ് ആയി കണക്കാക്കേണ്ടിവരുമെന്നതാണ് കാരണം.

ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും ഖത്തര്‍ അധികൃതരും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനമായത്.