ജൂണ്‍ അഞ്ചോടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്ന് അറിയിപ്പ്

സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ അഞ്ചോടെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇത് നാലുദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മെയ് 22ഓടെ മാത്രമേ ആന്‍ഡമാനില്‍ കാലവര്‍ഷം കനക്കൂ എന്നാണ് കേന്ദ്രകാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മെയ് 25നും ജൂണ്‍ 8നും ഇടയിലാണ് കാലവര്‍ഷം പൊതുവേ കേരളത്തില്‍ ആരംഭിക്കാറുള്ളത്. 2009ല്‍ മെയ് 23ന് കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചിരുന്നു. പക്ഷേ 2016ലും പിന്നീട് 2019ലും കാലവര്‍ഷം എത്താന്‍ ജൂണ്‍ എട്ട് വരെ കാത്തിരിക്കേണ്ടി വന്നിരുന്നു.

അതേസമയം ഇത്തവണ കാലവര്‍ഷം നേരത്തെ തുടങ്ങുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് പ്രവചിക്കുന്നത്. സാധാരണ ജൂണിലാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുന്നത്. ഇത്തവണ മെയ് 28 ന് സംസ്ഥാനത്ത് കാലവര്‍ഷത്തിന് തുടക്കമാകുമെന്നാണ് സ്‌കൈമെറ്റ് പ്രവചിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മണ്‍സൂണ്‍ മേഘങ്ങളെ പതിവിലും നേരത്തെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് സ്‌കൈമെറ്റിലെ കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.