കൊറോണ രോഗികളുടെ എണ്ണത്തില്‍ യു കെയെയും മറികടന്ന് ഇന്ത്യ കുതിക്കുന്നു ; നാലാമത്
രോഗബാധിതരുടെ എണ്ണത്തില്‍ യുകെയെ മറികടന്ന് ഇന്ത്യ നാലാമത്. യുകെയില്‍ കൊവിഡ് കേസുകള്‍ 291,000 ആണ്. ഇന്ത്യയില്‍ ആകെ കൊവിഡ് കേസുകള്‍ 297,535 ആയി. ഇതുവരെ 8498 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യയില്‍ കൊവിഡ് മരണം 300 കടന്നു. കൃത്യമായി പറഞ്ഞാല്‍ 24 മണിക്കൂറിനിടെ 10,956 പോസിറ്റീവ് കേസുകളും 396 മരണവും റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ ദിവസത്തെ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 147194 പേര്‍ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം 141842 ആണ്.
രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ കൂടുതല്‍ റെയില്‍വേ ഐസൊലേഷന്‍ കോച്ചുകള്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളാണ് ആവശ്യമുന്നയിച്ചത്. രോഗികളെ ചികിത്സിക്കുന്നതിലും മൃതദേഹങ്ങള്‍ മാന്യമായി സംസ്‌കരിക്കുന്നതിലും സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
പശ്ചിമ ബംഗാളില്‍ പോസിറ്റീവ് കേസുകള്‍ പതിനായിരത്തിലേക്ക് അടുക്കുകയാണ്. കൊവിഡ് സാഹചര്യം രൂക്ഷമായ ഡല്‍ഹിയില്‍ പത്ത് റെയില്‍വേ ഐസൊലേഷന്‍ കോച്ചുകളാണ് അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ അനുവദിച്ച കോച്ചുകള്‍ വിവിധ സ്റ്റേഷനുകളില്‍ സജ്ജമായിട്ടുണ്ട്. തെലങ്കാന അറുപതും ഉത്തര്‍പ്രദേശ് 240 കോച്ചുകളും ആവശ്യപ്പെട്ടു.