വീണ്ടും കോവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി

കേരളത്തില്‍ കോവിഡ് 19 ബാധിച്ച ഒരാള്‍ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. ഡല്‍ഹി നിസാമുദ്ദീനില്‍നിന്ന് ഈ മാസം പത്തിനാണ് വസന്തകുമാര്‍ കേരളത്തിലെത്തിത്. ക്വറന്റീനില്‍ കഴിയവെ പനി ബാധിച്ചു. തുടര്‍ന്ന് കോവിഡ് പരിശോധന നടത്തി. 17ാം തിയതിയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൊല്ലത്തെ രണ്ടാമത്തെ കോവിഡ് മരണമാണ്. ആശുപത്രിയില്‍ എത്തിയത് മുതല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന ഈ വ്യക്തിക്ക് വളരെ അത്യാവശ്യമായി വേണ്ട ഒരു ജീവന്‍ രക്ഷാ മരുന്ന് പൊലീസ് ഇടപെട്ട് എറണാകുളത്ത് നിന്ന് പാരിപ്പള്ളിയിലേക്ക് എത്തിച്ചുനല്‍കിയിരുന്നു. ഇദ്ദേഹത്തിന് എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.