ഡല്‍ഹി ലക്ഷ്യമാക്കി വെട്ടുകിളി കൂട്ടം ; പൈലറ്റുമാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കൊറോണ ഒരു ഭാഗത്ത് ദുരിതം വിതയ്ക്കുന്ന രാജ്യത്ത് വെട്ടുകിളി ശല്യവും രൂക്ഷമായിരിക്കുകയാണ്. ഹരിയാനയിലെ ഗുരുഗ്രാമിലും സമീപ പ്രദേശങ്ങളിലും വെട്ടുകിളി ശല്യം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ പൈലറ്റുമാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഡല്‍ഹി ട്രാഫിക് കണ്‍ട്രോള്‍. ഗുരുഗ്രാമില്‍ എത്തിയ വെട്ടുകിളിക്കൂട്ടം ഇന്ന് വൈകീട്ടോടെയോ ഞായറാഴ്ച്ച രാവിലെയോടെയോ ഡല്‍ഹിയില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്. വെട്ടുകിളി ഭീഷണിയുള്ളതിനാല്‍ ടേക്ക്ഓഫിന്റെയും ലാന്‍ഡിങിന്റെയും സമയത്ത് പൈലറ്റുമാര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് നിര്‍ദ്ദേശം.
ഇന്ന് ഗുരുഗ്രാമിലെ തിരക്കേറിയ എം ജി റോഡിലും ഐ എഫ് എഫ് സി ഒ ചൗക്കിലും വെട്ടുകിളി ആക്രമണമുണ്ടായിരുന്നു. വെട്ടുകിളികളെ ഓടിക്കാനായി പ്രദേശ വാസികള്‍ പാത്രങ്ങള്‍, ടിന്‍ എന്നിവ കൊണ്ട് ശബ്ദം ഉണ്ടാക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. വെട്ടുകിളികള്‍ കൂട്ടത്തോടെ പറക്കുന്നതിന്റെ വിവിധ വീഡിയോകള്‍ ഗ്രാമവാസികളും മറ്റും സമൂഹമധ്യമങ്ങളില്‍ ഇതിനകം പങ്കുവെച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ സൈബര്‍ ഹബ് മേഖലയില്‍ രാവിലെയാണ് ഇവയെ കണ്ടത്.
സമീപ ജില്ലകളില്‍ ഇവയെ കണ്ടതിനെത്തുടര്‍ന്ന് വീടിന്റെ ജനലുകളും മറ്റും അടച്ച് സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നാശം വിതച്ച വെട്ടുകിളികള്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസഥാനങ്ങളിലേക്കാണ് ഇപ്പോള്‍ നീങ്ങിയിരിക്കുന്നത്.




