എതിര്‍പ്പുകള്‍ക്ക് ഇടയിലും ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ടു പോയത് മുഖ്യമന്ത്രി : ചെന്നിത്തല
ധനമന്ത്രിയും ചീഫ് സെക്രട്ടറിയും എതിര്‍ത്തിട്ടും ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ബന്ധം കൊണ്ടാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതി നടപ്പാക്കാന്‍ എല്ലാ വളഞ്ഞ വഴികളും മുഖ്യമന്ത്രി സ്വീകരിക്കുന്നു എന്നത് അദ്ഭുതപ്പെടുത്തുന്നു. എന്താണ്, ആരാണ് ഇതിന്റെ പിന്നില്‍? വളരെ ദുരൂഹമായ ഇടപാടാണിത്. ധനകാര്യ വകുപ്പിന്റെയും അന്നത്തെ ചീഫ് സെക്രട്ടറിയുടെയും എതിര്‍പ്പ് മറികടന്നാണു സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോയതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ യോഗത്തില്‍ സമ്മര്‍ദം വന്നപ്പോള്‍ പിന്നീട് ധനകാര്യ വകുപ്പും അംഗീകരിച്ചു കാണും. പക്ഷേ പ്രസക്തമായ കാര്യങ്ങളാണു ധനകാര്യ സെക്രട്ടറി ധനമന്ത്രിയുടെ അനുമതിയോടെ ഫയലില്‍ എഴുതിയിട്ടുള്ളത്. സര്‍ക്കാര്‍ നടപടികള്‍ പൂര്‍ണമായും സുതാര്യവും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുമായിരിക്കണം. പക്ഷേ ഇ-മൊബിലിറ്റി പദ്ധതിയില്‍ എല്ലാം ദുരൂഹമാണ്. ഈ കള്ളക്കച്ചവടം അനുവദിക്കാനാവില്ല. മുഖ്യമന്ത്രി മറുപടി പറഞ്ഞശേഷം ബാക്കി കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം പ്രതിപക്ഷ നേതാവ് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആളാണെന്നും ആ സ്ഥാനം ഉള്‍ക്കൊള്ളാന്‍ അദ്ദേഹം തയ്യാറാകണമെന്നുമാണ് വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയത്. ആരെങ്കിലും പറയുന്നത് കേട്ട് ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫയല്‍ പരിശോധിക്കുമ്പോള്‍ ഒര് ഭാഗം മാത്രം പരിശോധിച്ചാല്‍ പോര, ഫയലില്‍ പ്രതിപക്ഷം ചിലതു വിട്ടു. ചീഫ് സെക്രട്ടറിയുടെ അടുത്ത് ഫയല്‍ തനിയെ നടന്ന് പോയത് അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി കാണുക എന്ന് മുഖ്യമന്ത്രി എഴുതി. അഭിപ്രായം തേടിയതാണ്. ഫയലില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് ചീഫ് സെക്രട്ടറി കാണണമെന്ന് അഭിപ്രായം പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും പിണറായി വിജയന് ചൂണ്ടിക്കാട്ടി.