സ്വപ്നയ്ക്ക് ഫ്‌ലാറ്റ് എടുത്തു നല്‍കിയത് ഐടി വകുപ്പ് ഉദ്യോഗസ്ഥന്‍; നിര്‍ദേശിച്ചത് ശിവശങ്കര്‍

സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സെക്രട്ടേറിയറ്റിനു സമീപം സ്വപ്നയ്ക്ക് ഫ്ളാറ്റ് എടുത്തു നല്‍കിയത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് ഐടി വകുപ്പ് ഉദ്യോഗസ്ഥന്‍ അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു. സ്വപ്നയ്ക്കു വേണ്ടിയാണ് ഫ്‌ലാറ്റ് എടുക്കുന്നതെന്ന കാര്യം അറിയില്ലായിരുന്നെന്നും അരുണ്‍ വെളിപ്പെടുത്തി.സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികളും ശിവശങ്കറുമായുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന തെളിവുകളാണ് ഓരോദിവസവും പുറത്തു വരുന്ന വാര്‍ത്തകള്‍. സെക്രട്ടേറിയറ്റിന് മീറ്ററുകള്‍ മാത്രം അപ്പുറത്ത് ശിവശങ്കറിന്റെ ഫ്‌ലാറ്റിനടുത്താണ് സ്വപ്നയക്കും ഫ്‌ലാറ്റെടുത്ത് നല്‍കിയത്.

മേയ് അവസാനത്തോടെ ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണ് ഫ്‌ലാറ്റ് എടുത്തതെന്നും അരുണ്‍ വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് പുതിയ ഫ്‌ലാറ്റിലേക്കു
താമസം മാറുകയാണെന്നും അവിടെ ഫര്‍ണിഷിംഗ് പൂര്‍ത്തിയാകും വരെ നാലോ അഞ്ചോ ദിവസത്തേക്കാണ് ഫ്‌ലാറ്റ് വാടകയ്ക്ക് വേണമെന്നുമാണ് ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ലാറ്റിന്റെ വിവരങ്ങള്‍ അന്വേഷിച്ചത് – അരുണ്‍ പറഞ്ഞു. അതേസമയം അരുണ്‍ ബാലചന്ദ്രന്റെ അവകാശവാദം സാധൂകരിക്കുന്ന തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. അരുണുമായി ശിവശങ്കര്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

മേയ് 27-നാണ് അരുണ്‍ ബാലചന്ദ്രന് ശിവശങ്കറിന്റെ വാട്സ്ആപ്പ് സന്ദേശം വരുന്നത്. ജൂണ്‍ ഒന്നു മുതല്‍ ആറ് ദിവസത്തേയ്ക്കാണ് ഫ്ളാറ്റ് വേണ്ടതെന്നും മിതമായ നിരക്കില്‍ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ടായിരുന്നു സന്ദേശം. സുഹൃത്തിനു വേണ്ടിയാണ് ഫ്ളാറ്റ് എന്നാണ് ശിവശങ്കരന്‍ പറഞ്ഞതെന്നും അരുണ്‍ വ്യക്തമാക്കിയിരുന്നു.അരുണ്‍ ബാലചന്ദ്രന്‍ ബുക്ക് ചെയ്ത് നല്‍കിയ ഫ്ളാറ്റിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ ഫ്‌ളാറ്റിലാണ് പിന്നീട് സ്വപ്നയുടെ ഭര്‍ത്താവും തുടര്‍ന്ന് കേസിലെ പ്രതികളും ഒത്തുകൂടിയത്.