വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിനു പോയ  സ്പീക്കറെ വിമര്‍ശിച്ച് സി ദിവാകരന്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിന് ഉദ്ഘാടകനായി പങ്കെടുത്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ വിമര്‍ശിച്ച് സി ദിവാകരന്‍ എംഎല്‍എ. സഭാ സമ്മേളനം നടക്കുന്ന സമയത്തായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. സഭാ സമ്മേളനം ഒഴിവാക്കി പങ്കെടുക്കേണ്ട ചടങ്ങായിരുന്നില്ല വര്‍ക്ക് ഷോപ്പ് ഉദ്ഘാടനമെന്ന് എംഎല്‍എ കുറ്റപ്പെടുത്തി. ചെറിയൊരു കടയുടെ ഉദ്ഘാടനമായിരുന്നു അത്. സ്പീക്കറെ പോലെ ഉന്നതമായ പദവി അലങ്കരിക്കുന്ന ഒരു വ്യക്തിയും മണ്ഡലത്തിലെ മുതിര്‍ന്ന എം.എല്‍.എയും പങ്കെടുക്കേണ്ട പരിപാടിയാണ് അതെന്ന് തോന്നിയില്ല.

പ്രാദേശിക ഘടകത്തിന്റെ സമ്മര്‍ദമുണ്ടായതുകൊണ്ടാകാം സ്പീക്കര്‍ പരിപാടിയില്‍ പങ്കെടുത്തത്. അതല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ വ്യക്തി താത്പര്യം ഉണ്ടായേക്കാം. പ്രദേശിക പരിപാടിയില്‍ പങ്കെടുക്കുകയാണെങ്കില്‍ സ്പീക്കര്‍ എംഎല്‍എമാരുമായി ആശയ വിനിമയം നടത്തുന്ന പതിവുണ്ട്. എന്നാല്‍ സ്പീക്കര്‍ ഇവിടെ ആ പതിവ് പിന്തുടര്‍ന്നില്ല. അതിന് അദ്ദേഹത്തിന്റേതായ കാരണങ്ങള്‍ ഉണ്ടാകാമെന്നും സി ദിവാകരന്‍ പറഞ്ഞു. മികച്ച സ്പീക്കറായ ശ്രീരാമകൃഷ്ണന് ഇങ്ങനെയൊരു വീഴ്ച പറ്റിയതില്‍ തനിക്കും വ്യക്തിപരമായ ദുഃഖമുണ്ട്.

സന്ദീപ് നായരുടെ കാര്‍ബണ്‍ ഡോക്ടര്‍ സംരംഭത്തിലേക്ക് അധ്യക്ഷനായി നിശ്ചയിച്ചിരുന്നത് സി ദിവാകരനെ ആയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാത്തതിന് മൂന്ന് കാരണങ്ങളും എംഎല്‍എ വിശദീകരിച്ചു. സഭാസമ്മേളനം നടക്കുന്ന സമയമായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ല എന്നതായിരുന്നു ഒരു കാരണം. പരിപാടിയില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ ആരും നിര്‍ബന്ധിച്ചില്ല എന്നതാണ് രണ്ടാമത്തെ കാരണം. മാത്രവുമല്ല അനുവാദം തേടാതെയാണ് പേര് വിവരങ്ങള്‍ നോട്ടീസില്‍ അച്ചടിച്ചത്. സ്ഥാപനത്തിന്റെ ഉടമയെ കുറിച്ചോ സംഘാടകര്‍ ആരാണെന്നോ കൃത്യമായി അറിയില്ലായിരുന്നു ഇതാണ് പരിപാടിയില്‍ പങ്കെടുക്കാത്ത മൂന്നാമത്തെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഇക്കാര്യമാണ്. നെടുമങ്ങാട് നിയോജകമണ്ഡലം എം എല്‍ എയാണ് സി ദിവാകരന്‍.