സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം : മരിച്ചത് പുല്ലുവിള സ്വദേശിനി ; ഇന്ന് ഇതുവരെ മൂന്ന് മരണം

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം പുല്ലുവിള സ്വദേശിനി ട്രീസാ വര്‍ഗീസാണ് മരിച്ചത്. അറുപത് വയസായിരുന്നു. കിടപ്പുരോഗിയായ ട്രിസാ വര്‍ഗീസിന്റെ ആന്റിജന്‍ പരിശോധന പോസിറ്റീവായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.

വര്‍ഷങ്ങളായി കിടപ്പിലായിരുന്നു ട്രീസ. നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. പുല്ലുവിള കേന്ദ്രീകരിച്ച് സമ്പര്‍ക്ക രോഗബാധ വര്‍ധിച്ച സാഹചര്യത്തിലാണ് ഇവിടെ പരിശോധനകളുടെ എണ്ണം കൂട്ടിയത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.

ഇതോടെ ഇന്ന് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണം മൂന്ന് ആയി.മലപ്പുറത്ത് വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലിരുന്ന മരിച്ച യുവാവിനും കോവിഡ് സ്ഥിരീകരിച്ചു.ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ സ്വദേശി ഇര്‍ഷാദലി ഇന്നലെയാണ് മരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ മരിച്ച വയോധികക്കും കോവിഡ് സ്ഥിരീകരിച്ചു.75 വയസ്സായ പാറശാല സ്വദേശി തങ്കമ്മ തിങ്കളാഴ്ചയാണ് മരിച്ചത്.