കേരളത്തില്‍ രോഗികളുടെ എണ്ണം ആയിരം കടന്നു രണ്ടാം ദിനം

കേരളത്തില്‍ രോഗികളുടെ എണ്ണം തുടര്‍ച്ചയായി ആയിരം കടന്നു രണ്ടാം ദിനം. ഇന്ന് 1078 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് 432 പേര്‍ രോഗമുക്തി നേടി.

ഇന്ന് അഞ്ചു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കല്ലായി സ്വദേശി കോയുട്ടി(57), മുവാറ്റുപുഴ മടക്കത്താനം സ്വദേശി ലക്ഷ്മി കുഞ്ഞന്‍പിള്ള(79), പാറശ്ശാല നഞ്ചന്‍കുഴിയിലെ രവീന്ദ്രന്‍ (73), കൊല്ലം കെ എസ് പുരത്തെ റഹിയാനത്ത്(58), കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍ (60) എന്നിവരാണ് മരിച്ചത്. ഇതില്‍ റഹിയാനത്ത് ഒഴികെ ബാക്കിയുള്ളവര്‍ കോവിഡ് ഇതര രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി. ഇന്ന് 798 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടം അറിയാത്തത് 65 പേരുണ്ട്. വിദേശത്തുനിന്ന് എത്തിയ 104 പേര്‍ക്കും മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 428 ആയി.