ഇടുക്കിയില്‍ കൊവിഡ് രോഗിയുടെ മകന് അയല്‍വാസികളുടെ മര്‍ദനം

ഇടുക്കി ചെമ്മണ്ണാറില്‍ ആണ് സംഭവം. കൊവിഡ് രോഗിയുടെ മകനെ അയല്‍വാസികള്‍ മര്‍ദിച്ചതായാണ് പരാതി ലഭിച്ചിരിക്കുന്നത്. ചെമ്മണ്ണാര്‍ ഏഴുമലക്കുടിയില്‍ കുമരേശനാണ് മര്‍ദനമേറ്റത്. കൊവിഡ് സ്ഥിരീകരിച്ച അമ്മയെ ആംബുലന്‍സില്‍ കയറ്റി വിട്ട ശേഷം മടങ്ങിയെത്തിയപ്പോള്‍ അയല്‍ വാസികളായ ആറുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് കുമരേശന്‍ പറഞ്ഞു. സംഭവത്തില്‍ ഉടുമ്പന്‍ചോല പൊലീസ് കേസെടുത്തു.

തമിഴ്നാട്ടില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം തിരികെ എത്തിയ കുമരേശനും കുടുംബാഗങ്ങളും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കുമരേശന്റെ അമ്മയ്ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രോഗിയെ കൊണ്ടു പോകാനായി വീടിന്റെ സമീപത്തേക്ക് ആംബുലന്‍സിനു എത്താന്‍ കഴിയാത്തതിനാല്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം കുമരേശന്‍ സ്വന്തം വാഹനത്തില്‍ അമ്മയെ ആംബുലന്‍സിന്റെ അടുക്കല്‍ എത്തിച്ചു.

തിരികെ വീട്ടിലേക്ക് മടങ്ങി എത്തിയപ്പോള്‍ പ്രദേശവാസികളായ ചിലര്‍ ക്വാറന്റീന്‍ ലംഘിച്ചെന്നാരോപിച്ച് ഭീഷിണിപ്പെടുത്തി മര്‍ദിച്ചെന്നാണ് കുമരേശന്‍ പറയുന്നത്. കൊവിഡ് നീരീക്ഷണത്തിലിയാതിനാല്‍ മര്‍ദനത്തെ തുടര്‍ന്ന് പരുക്കേറ്റ കുമരേശനെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഉടുമ്പന്‍ചോല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.