ഇന്ന് 1184 പേര്‍ക്ക് കോവിഡ് ; 784 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 784 പേര്‍ രോഗമുക്തി നേടി. ആറു മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം പള്ളിക്കല്‍ സ്വദേശി നഫീസ(52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കര്‍(64), തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി ജമ(50), കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ്(45), കാസര്‍കോട് നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞ്(65), വയനാട് കല്‍പ്പറ്റ സ്വദേശി അരുവിക്കുട്ടി(65) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസര്‍കോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂര്‍ 63, കൊല്ലം 41, തൃശ്ശൂര്‍ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 24 മണിക്കൂറിനിടെ 20583 പരിശോധനകളാണ് നടന്നത്.

 

തിരുവനന്തപുരത്ത് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളില്‍ ഞായറാഴ്ച 2800 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 288 എണ്ണം പോസിറ്റീവ് ആയി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യം മുന്നില്‍കണ്ട് സുരക്ഷ ശക്തമാക്കി. മാസ്‌ക് ധരിക്കാത്ത 5901 സംഭവങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റീന്‍ ലംഘിച്ച രണ്ടു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 24 മണിക്കൂറിനിടെ 20583 കോവിഡ് പരിശോധനകള്‍ നടത്തി.