996 മരണം ; തുടര്‍ച്ചയായ ഏഴാം ദിവസവും അറുപതിനായിരത്തിലേറെ രോഗികള്‍ ; രാജ്യത്ത് കോവിഡ് ബാധിതര്‍ 25ലക്ഷം കടന്നു
രാജ്യത്ത് കോവിഡ് ബാധിതര്‍ 25ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 65,002 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കാല്‍ക്കോടി കവിഞ്ഞത്. 25,26,192 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റ് ഏഴ് മുതല്‍ തുടര്‍ച്ചയായി ഓരോദിവസും അറുപതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
അതേ സമയം തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടാകുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 71.61% ആണ് രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്ക്. 18,08,936 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
മരണനിരക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കുറവാണ്. 49,036 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്. ഇതില്‍ 996 മരണം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR)കണക്കുകള്‍ പ്രകാരം മൂന്നുകോടിയോളം അടുപ്പിച്ച് ആളുകളെ ഇതുവരെ രോഗപരിശോധന നടത്തിയിട്ടുണ്ട്.
ഇതിനിടെ ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മൂന്ന് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണെന്നും എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയാറാണെന്നുമാണ് പ്രസ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കവെ അദ്ദേഹം അറിയിച്ചത്.