സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഓഗസ്റ്റ് 31 മുതല്‍ വീണ്ടും കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 3 വരെയുള്ള തിയതികളില്‍ കേരളത്തിലും മാഹിയിലും ഇടിയോടുകൂടിയ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളില്‍ 24 മണിക്കൂറില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നു.ഇടുക്കി ജില്ലയിലും കൊല്ലം ജില്ലയിലും ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 3 വരെ കേരളത്തില്‍ ആകെ ലഭിക്കാന്‍ സാധ്യതയുള്ള ശരാശരി മഴ സാധാരാണ മഴ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ സെപ്റ്റംബര്‍ 4 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള രണ്ടാമത്തെ ആഴ്ചയില്‍ കേരളത്തില്‍ സാധാരണയേക്കാള്‍ കൂടിയ മഴയാണ് ആകെ ലഭിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ദീര്‍ഘകാല പ്രവചനത്തില്‍ നിന്ന് ഏതൊക്കെ പ്രദേശങ്ങളിലായിരിക്കും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. എല്ലാദിവസവും പുറപ്പെടുവിക്കുന്ന 5 ദിവസത്തെ മഴ മുന്നറിയിപ്പില്‍ ജില്ലാതല വിവരങ്ങള്‍ ലഭ്യമാകുന്നതാണ്.