പപ്പടത്തിലെ തട്ടിപ്പ് ; കമ്പനിക്ക് വിലക്ക് ഒരു മാസത്തേക്ക് മാത്രം
ഓണത്തിന് സര്‍ക്കാര്‍ വിതരണം ചെയ്ത കിറ്റിലെ പപ്പടത്തിന് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തി. എന്നാല്‍ ഒരുമാസത്തേക്ക് മറ്റുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ മാത്രമാണ് വിലക്ക്. പപ്പടത്തില്‍ ഈര്‍പ്പത്തിന്റെയും, സോഡിയം കാര്‍ബണേറ്റിന്റെയും അളവും ക്ഷാരാംശവും അനുവദനീയമായതിലും കൂടുതലാണെന്ന് കോന്നി സിഎഫ്ആര്‍ഡി(council for food research and development)യില്‍ നടത്തിയ പരിശോധയില്‍ കണ്ടെത്തിയിരുന്നു. ഹഫ്സര്‍ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്ക് നല്‍കിയത്. നേരത്തെ ഓണക്കിറ്റിലെ ശര്‍ക്കരയ്ക്കും ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
ഫഫ്സര്‍ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്ക് നല്‍കിയത്. കേരള പപ്പടത്തിനായാണ് ടെണ്ടര്‍ നല്‍കിയതെങ്കിലും ആ പേരില്‍ വാങ്ങിയത് ഉഴുന്നിന്റെ അംശം തീരെയില്ലാത്ത തമിഴ്നാട്ടില്‍ നിന്നുള്ള അപ്പളമാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന പരിശോധനാഫലം വന്നതോടെ പപ്പടം അടിയന്തരമായി തിരിച്ചുവിളിക്കാന്‍ ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍, ഡിപ്പോ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്കി. വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കാനായി, വാങ്ങിയതിന്റെയും വിറ്റതിന്റെയും മാറ്റി നല്കിയതിന്റെയും റിപ്പോര്‍ട്ട് പര്‍ച്ചേസ് ഹെഡ് ഓഫീസില്‍ നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്. 81 ലക്ഷം പാക്കറ്റ് പപ്പടമാണ് തിരിച്ചെടുക്കേണ്ടത്. എന്നാല്‍ കിറ്റ് കിട്ടിയവരില്‍ ബഹുഭൂരിപക്ഷവും ഇത് ഉപയോഗിച്ചുകഴിഞ്ഞു.
പപ്പടത്തിലെ ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നിരിക്കെ ഓണക്കിറ്റിലെ പപ്പടത്തില്‍ ഈര്‍പ്പം 16.06 ശതമാനമാണെന്നാണ് കണ്ടെത്തിയത്. 2.3 ശതമാനത്തിനുള്ളിലാകേണ്ട സോഡിയം കാര്‍ബണേറ്റിന്റെ അളവ് 2.44 ശതമാനമാണ്. പി.എച്ച് മൂല്യം 8.5 ല്‍ കൂടരുതെന്നാണ്. എന്നാല്‍ സാംപിളുകളില്‍ ഇത് 9.20 ആണ്. ആദ്യഘട്ടത്തില്‍ വിതരണം ചെയ്ത 81.27 ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാംപിളുകളുടെ പരിശോധനാഫലമാണ് ലഭിച്ചത്. തുടര്‍ന്ന് വാങ്ങിയ അഞ്ച് ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാംപിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.