കേരളത്തില്‍ അതി തീവ്ര മഴക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് ; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത എന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര പൂര്‍ണമായി ഒഴിവാക്കണമെന്നും സര്‍ക്കാര്‍ സംവിധാനങ്ങളോട് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താനും നിര്‍ദ്ദേശം നല്കി.
കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ദ്ധമായേക്കുമെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്കി. കടലേറ്റ ഭീഷണിയുള്ളതിനാല്‍ തീരമേഖലയില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം നല്കി.എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മൂന്ന് ജില്ലകളില്‍ യല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച 10 ജില്ലകളില്‍ ഓറഞ്ചും മൂന്ന് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ മഴ കനത്തേക്കും, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.