കേരളത്തില്‍ തീവ്രമഴ ; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് മഴ ശക്തി പ്രാപിച്ചത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മലമ്പുഴ, പോത്തുണ്ടി ഡാമുകള്‍ തുറന്നു. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും പോത്തുണ്ടി ഡാമിന്റെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തിയതിനാല്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് മുന്നോടിയായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്നലെ വടകരയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കി. അതിതീവ്ര മഴ പ്രഖ്യാപിച്ച ജില്ലകളിലെ ദുരന്ത സാധ്യതാ മേഖലകളില്‍ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.