എ.പി അബ്ദുള്ളക്കുട്ടി ബി ജെ പി ദേശിയ ഉപാധ്യക്ഷന്‍ ; ടോം വടക്കന്‍ വക്താവ്

ദേശീയ ഭാരവാഹികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. കേരളത്തില്‍ നിന്നും എ.പി.അബ്ദുല്ലക്കുട്ടിയാണ് ദേശീയ ഉപാധ്യക്ഷ പട്ടികയിലുള്ളത്. 12 വൈസ് പ്രസിഡന്റുമാരില്‍ ഒരാളായാണ് എ. പി അബദുള്ളക്കുട്ടിയെയും തിരഞ്ഞെടുത്തിരിയ്ക്കുന്നത്. നിലവില്‍ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്നു എ. പി അബ്ദുള്ളക്കുട്ടി. 12 ഉപാധ്യക്ഷന്മാര്‍, 8 ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെയാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ടോം വടക്കന്‍ ബിജെപി ദേശീയവക്താവാകും. ബെംഗളുരുവുല്‍ നിന്നുള്ള എം.പി തേജസ്വി സൂര്യയാണ് യുവമോര്‍ച്ച അധ്യക്ഷന്‍.

ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ്, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുന്‍ കേന്ദ്ര മന്ത്രി രാധാമോഹന്‍ സിംഗ് തുടങ്ങിയവരും ഉപാധ്യക്ഷന്‍മാരാകും. 23 ദേശീയ വക്താക്കളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പട്ടികയിലാണ് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവായ ടോം വടക്കനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖറും വക്താക്കളുടെ പട്ടികയിലുണ്ട്.

കെ. സുരേന്ദ്രനെ സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തപ്പോള്‍ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും മുതിര്‍ന്ന വനിതാ നേതാവായ ശോഭാ സുരേന്ദ്രനെയും ദേശീയ തലത്തിലേക്ക് പരിഗണിക്കുമെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍, സംഘടനാ തലത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന നേതൃമാറ്റത്തില്‍ കുമ്മനം രാജശേഖരനും ശേഭാ സുരേന്ദ്രനും ഉള്‍പ്പെട്ടിട്ടില്ല.

കര്‍ണാടകയില്‍ നിന്നുള്ള യുവ നേതാവും എംപിയുമായ തേജസ്വി സൂര്യയാണ് യുവമോര്‍ച്ചയുടെ പുതിയ ദേശീയ അദ്ധ്യക്ഷന്‍. അതേസമയം ബി. എല്‍. സന്തോഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. ഐടി, സാമൂഹിക മാധ്യമ ചുമതലയില്‍ അമിത് മാളവ്യ തുടരും.