ശിവശങ്കറിന് ഒരു വര്‍ഷത്തെയ്ക്ക് ശമ്പളത്തോടെയുള്ള അവധി അനുവദിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സര്‍വ്വീസില്‍ ഒരു വര്‍ഷകാലത്തെ അവധി അനുവദിച്ചു. മുന്‍ കാല പ്രാബല്യത്തോടെ ജൂലൈ 7മുതലാണ് അവധി അനുവദിച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം ശിവശങ്കര്‍ അവധിയ്ക്ക് അപേക്ഷിച്ചിരുന്നു.

നിലവില്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി പദവിയില്‍ നിന്നും മാറ്റിയത് മുതലുള്ള അവധിയാണ് സര്‍ക്കാര്‍ ശിവശങ്കറിന് നല്‍കിയിരിക്കുന്നത്. സ്വകാര്യ ആവശ്യത്തിന് അദ്ദേഹത്തിന് അവകാശമുള്ള അവധിയാണ് അനുവദിച്ചിരിക്കുന്നതെന്നാണ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇതനുസരിച്ച് സസ്‌പെന്‍ഷന്‍ കാലയളവിലുള്ള ശമ്പളവും ശിവശങ്കറിന് ലഭിക്കും.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ആരോപണങ്ങളെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിവ്യൂ കമ്മിറ്റിയാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ആദ്യം മൂന്ന് മാസത്തേക്കും പിന്നീട് മൂന്ന് മാസംകൂടി ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടുകയായിരുന്നു. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മൂന്ന് തവണയാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യംചെയ്തത്.