മഹാകവി അക്കിത്തം അന്തരിച്ചു
മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിങ്കളാഴ്ച അദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1926 മാര്‍ച്ച് 18 പാലക്കാട് ജില്ലയിലെ കുമാരനല്ലൂരിലാണ് അദ്ദേഹം ജനിച്ചത്. 2019 നവംബറില്‍ രാജ്യം അക്കിത്തത്തിന് ജ്ഞാനപീഠപുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. കവിത ചെറുകഥ നാടകം വിവര്‍ത്തനം ലേഖനസമാഹാരം ഉള്‍പ്പെടെ നിരവധി കൃതികള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.
മാനവികതയിലൂന്നിയ ആത്മീയതയും ആഴത്തിലുള്ള ദാര്‍ശനികതയും അക്കിത്തം കവിതകളിലെ മുഖമുദ്രയാണ്. സ്നേഹത്താല്‍ നിര്‍മിക്കപ്പെടേണ്ടതാണ് ജീവിതം എന്ന് അദ്ദേഹത്തിന്റെ ഒരോ രചനയും ഓര്‍മിപ്പിക്കുന്നു. മാനവികതാവാദവും അഹിംസാവാദവും അന്തര്‍ധാരയായ ആ കവിതകള്‍ മനുഷ്യ സങ്കീര്‍ത്തനത്തിന്റെ ഉത്തമോദാഹരണങ്ങളാണ്. മനുഷ്യന്റെ കരുത്ത് കരയാനുള്ള അവന്റെ ശേഷിയിലാണെന്ന് അദ്ദേഹം വിശ്വസിച്ചു. നീണ്ട ഭൂതകാലത്തെ ഉള്‍ക്കൊണ്ട് സമകാലത്തെ ആവിഷ്‌കരിച്ച അക്കിത്തം കവിതകളില്‍ നിറഞ്ഞുനിന്ന മനുഷ്യസ്നേഹം കവിതാസ്വാദകരുടെ ഉള്ളം നിറക്കുന്നതാണ്.
‘ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം, എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍ എന്റെയല്ലീ മഹാക്ഷേത്രവും മക്കളെ, വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം’ തുടങ്ങി അക്കിത്തത്തിന്റെ ഒട്ടേറെ വരികള്‍ എല്ലാ തലമുറയിലെയും മലയാളികള്‍ക്ക് സുപരിചിതമാണ്. ഇതോടെ മലയാളത്തിലെ മഹാകവികളുടെ പരമ്പരയില്‍ നമ്മോടൊപ്പമുണ്ടായിരുന്ന ഏക കവിയും വിടവാങ്ങി.









